ആഭരണപ്രേമികൾക്കും സ്വർണ്ണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത തിരിച്ചടിയുമായി സ്വർണ്ണ വില ഇന്ന് കേരളത്തില്‍ പുത്തന്‍ റെക്കോഡിട്ടു. സ്വർണ്ണത്തിന് ഇന്ന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6840 രൂപയിലും പവന് 54720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 92 രൂപയില്‍നിന്ന് 4 രൂപ കൂടി 96 രൂപയിലാണ് വിപണി നടക്കുന്നത്. വെള്ളിയാഭരണങ്ങള്‍, വെള്ളിയില്‍ തീര്‍ത്ത പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് ഈ വിലക്കയറ്റം തിരിച്ചടിയാണ്.
ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ്ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണ്ണം വാങ്ങുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണ്ണവില അന്‍പതിനായിരം കടന്നത്. പത്തൊന്‍പതിന് 54,500 ആയി റെക്കോര്‍ഡ് ഇട്ടു. ഇതാണ് ഇന്ന് ഭേദിച്ചത്. അതേസമയം ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു.
ഇന്നലെ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രഖ്യാപിച്ച രക്ഷാപ്പാക്കേജാണ് അന്താരാഷ്ട്ര സ്വര്‍ണ്ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകിയത്. ഏറെക്കാലമായി സമ്പദ്പ്രതിസന്ധിയിലുള്ള രാജ്യത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാനുള്ള 300 ബില്യണ്‍ യുവാന്റെ രക്ഷാപ്പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രതിസന്ധിയിലകപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ തദ്ദേശ ഭരണകൂടങ്ങളെ സഹായിക്കുന്ന പാക്കേജാണിത്. ഇതുവഴി റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാമെന്നാണ് ബാങ്ക് കരുതുന്നത്.