മൂന്നാര്‍: കുടുംബത്തോടൊപ്പം മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നെത്തിയ പതിനഞ്ചുവയസ്സുകാരിയെയാണ് റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത വര്‍ധിനിയാണ് മരിച്ചത്. വാഗമണ്‍ സന്ദര്‍ശിച്ച ശേഷമാണ് കുട്ടി ഉൾപ്പെടെ എട്ടു പേർ വ്യാഴാഴ്ച മൂന്നാറിലെത്തിയത്.
എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ മുറി എടുത്തിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് അനക്കമില്ലാതെ നിലയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ നേരത്തെ മരണം നടന്നതായി സ്ഥിരീകരിച്ചു. ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
മൂന്നാര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം: നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്.
അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ വിരുന്നിനു വന്നതായിരുന്നു കുട്ടിയും കുടുംബവും. അടുത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.