മുംബൈ: കളിക്കളത്തിൽ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾ സാധാരണമാണെങ്കിലും അത് നീണ്ടു പോവുന്നത് അത്ര നല്ല കാര്യമല്ല. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിനിടെ മുൻ ഇന്ത്യൻ സൂപ്പർ താരങ്ങളായ ഗൗതം ഗംഭീറും എസ് ശ്രീശാന്തും ഏറ്റുമുട്ടിയത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. ഇരു താരങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതും അമ്പയർമാർ ഇടപ്പെട്ട് രംഗം ശാന്തമാക്കുന്നതിന്റെ വിഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവർക്കും ഇടയിലുള്ള വഴക്കുമായി സംബന്ധിച്ച് ആദ്യം രംഗത്തെത്തിയത് ശ്രീശാന്താണ്. തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ചുവെന്നും മാന്യമല്ലാത്ത ഭാഷ ഉപയോഗിച്ച് അസഭ്യം പറഞ്ഞുവെന്നുമെല്ലാം ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ആരോപിച്ചു. യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും താന്‍ ഒരക്ഷരം മിണ്ടാതെയാണ് ഗംഭീര്‍ ചീത്ത പറഞ്ഞു എന്നുമാണ് അദ്ദേഹം പറയുന്നത്.
ശ്രീശാന്തിന്റെ ആരോപണത്തിന് പിന്നാലെ ഗംഭീറിന്റെ മറുപടിക്കു വേണ്ടിയാണ് ആരാധകർ കാത്തിരുന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി ഗംഭീർ തന്നെ രംഗത്തെത്തി. എക്‌സിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം. ആരാധകരുടെ ശ്രദ്ധ നേടാനുള്ള നടപടികള്‍ മാത്രമാണിതെന്നാണ് ഗംഭീര്‍ പറയുന്നത്.
ലെജന്റ്സ് ലീഗ് മല്‍സരത്തില്‍ ക്യാപ്പിറ്റല്‍സിനെ നയിച്ചത് ഗംഭീറായിരുന്നു. പാര്‍ഥീവ് പട്ടേല്‍ ക്യാപ്റ്റനായ ഗുജറാത്ത് ടീമിന്റെ ഭാഗമായിരുന്നു ശ്രീശാന്ത്. ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെ ഫീല്‍ഡ് ചെയ്തു കൊണ്ടിരുന്ന ശ്രീ അദ്ദേഹവുമായി തട്ടിക്കയറിയത്. പക്ഷെ കളിയുടെ ഏതു ഓവറിനിടെയാണ് ഇതു സംഭവിച്ചതെന്നു വ്യക്തമല്ല. ഗുജറാത്ത് ബൗളറുമായി ഗംഭീര്‍ എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഇതു കണ്ടു കൊണ്ട് സമീപത്തു നിന്ന ശ്രീശാന്ത് നിയന്ത്രണം വിട്ട് ഗംഭീറുമായി തർക്കിച്ചത്.
രണ്ട് പേരും മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരിക്കെ ഗംഭീര്‍ വിരാട് കോലിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. അവസാന സീസണില്‍ ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായിരുന്നു. ആര്‍സിബിയുമായുള്ള മത്സരത്തിനിടെ ഗംഭീറും കോലിയും പരസ്പരം പോരടിച്ചിരുന്നു. മോശം പെരുമാറ്റത്തിന്റെ കാര്യത്തിൽ ശ്രീശാന്തും പിന്നിലല്ല. ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന ബൗളറാണ് അദ്ദേഹം. ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടുകയെന്നതാണ് ശ്രീശാന്തിന്റെ ശൈലി. ആന്‍ഡ്രൂ സൈമണ്‍സിനോടും മാത്യു ഹെയ്ഡനോടുമെല്ലാം ശ്രീശാന്ത് കൊമ്പുകോര്‍ത്ത സംഭവങ്ങളെല്ലാം ഇന്നും ആരാധകർ മറന്നിട്ടില്ല. ഐപിഎല്ലില്‍ ഒത്തുകളി ആരോപണം നേരിട്ട ശ്രീശാന്തിനെ ബിസിസി ഐ ആജീവനാന്തം വിലക്കിയെങ്കിലും പിന്നീട് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചത്.