ലഖ്നൗ: ഉത്തർപ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറിക്കാൻ ശ്രമം. കാൺപൂരിൽ റെയിൽവേ ട്രാക്കിൽ നിന്ന് ഗ്യാസ് സിലിണ്ടർ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ റെയിൽ വേ പ്രൊട്ടക്ഷൻ ഫോഴ്സും പൊലീസും പരിശോധന നടത്തി വരികയാണ്.(gas cylinder was found on the railway track)
ഡൽഹി-ഹൗറ റെയിൽ പാതയിലെ പ്രേംപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അട്ടിമറി ശ്രമം നടന്നത്. ട്രാക്കിന് നടുവിൽ ചെറിയ ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത് കാൺപൂരിൽ നിന്ന് ലൂപ്പ് ലൈൻ വഴി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിലെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ വൻ ദുരന്തമാണ് ഒഴിവായത്.
കാൺപൂരിൽ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങൾക്ക് മുൻപ് കാൺപൂർ- കാസ്ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു. സംഭസ്ഥലത്ത് നിന്ന് പെട്രോൾ, ബോംബ്, സ്ഫോടക വസ്തുക്കളോട് സാമ്യമുള്ള പൊടി നിറച്ച പലഹാരങ്ങൾ അടങ്ങിയ ബാഗ്, തീപ്പെട്ടി എന്നിവയും കണ്ടെത്തിയിരുന്നു.