ന്യൂഡല്‍ഹി: ഈ മാസം 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ജി 20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കും.
ഭാര്യ ജില്‍ ബൈഡന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബൈഡന്റെ പരിശോധനാഫലം നെഗറ്റീവാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
അതുകൊണ്ട് തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം വ്യാഴാഴ്ച ഇന്ത്യയിലേക്ക് പോകുമെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള ഉഭയകക്ഷി യോഗത്തിലും ബൈഡന്‍ പങ്കെടുക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിലും ബൈഡന്‍ പങ്കെടുക്കുമെന്ന് സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം പഴയതുപോലെയാകാത്ത പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെ സംബന്ധിച്ച റിപ്പോര്‍ട്ടിനോട് കഴിഞ്ഞ ദിവസം ബൈഡന്‍ പ്രതികരിച്ചിരുന്നു.