സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 2016 മുതൽ എസ്പിജി തലവനായി പ്രവർത്തിക്കുന്നു. . പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗത്തിൻറെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്..
ജാർഖണ്ഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിൻഹ കേരളാ കേഡറിൽ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മേയിൽ വിരമിക്കാനിരിക്കെ സിൻഹയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഡയറക്ടർ ജനറൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിൻഹ. എസ്‍പിജി ഡയറക്ടർ ആണെങ്കിലും അരുൺകുമാർ സിൻഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറില്ല.കേരള പൊലീസിൻറെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹ
തിരുവനന്തപുരത്ത് ഡിസിപി കമ്മീഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്‌ട്രേഷൻ ഐജി എന്നിങ്ങനെ കേരള പോലീസിന്റെ സുപ്രധാന പദവികളിൽ അരുൺ കുമാർ സിൻഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാലദ്വീപ് പ്രസിഡന്റ് അബ്ദുൾ ഗയൂമിനെ വധിക്കാൻ ശ്രമിച്ച സൂത്രധാരൻ അരുൺ കുമാർ സിൻഹ ക്രമസമാധാന ചുമതലയായിരിക്കെയാണ് തലസ്ഥാനത്ത് പിടിയിലായത്.
അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.