മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4):
ഈ വർഷം പൊതുവെ ശുഭാധിക്യം പ്രതീക്ഷിക്കാം. ഏർപ്പെട്ടിരിക്കുന്ന എല്ലാ കാര്യത്തിലും ഈശ്വരാധീനവും പുരോഗതിയുമുണ്ടാകും. ചികിത്സകളാലും വിശ്രമത്താലും സൽസന്താനഭാഗ്യമുണ്ടാകും. ദമ്പതികൾ ഒരുമിച്ച് താമസിക്കാനുള്ള സാഹചര്യമുണ്ടാകും. വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന വസ്തു–വകകൾ ക്രയവിക്രയം ചെയ്യുന്നതിനും യോജിച്ച കാലഘട്ടമാണ്. ഗൃഹത്തിൽ ഐശ്വര്യാഭിവൃദ്ധി, ധനധാന്യ ലാഭം, വസ്ത്രാലങ്കാര പുരസ്കാര ലബ്ധി സന്താനങ്ങളെ കൊണ്ട് സന്തോഷം എന്നിവയും ഉണ്ടാകും.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2):
ഈ വർഷം പൊതുവെ ഗുണദോഷസമ്മിശ്ര ഫലമാണ്. ആത്മധൈര്യത്തോടെ പ്രവർത്തിച്ച് കാര്യം സാധിക്കാൻ ശ്രമിക്കണം. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണങ്ങളും സഹായങ്ങളും ലഭിക്കും. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം തക്കതായ ചികിത്സ ചെയ്ത് പരിഹരിക്കണം. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകുമെങ്കിലും ചില തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാതിരിക്കാൻ നല്ല ശ്രദ്ധയും പ്രാർഥനയും ആവശ്യമാണ്. വിദ്യാർഥികൾ പഠനത്തിൽ അശ്രദ്ധ ഒഴിവാക്കണം. കലാരംഗത്ത് ക്രിയാത്മക ശേഷി പ്രകടമാക്കാനുള്ള അവസരം ലഭിക്കും
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം 3/4):
എല്ലാ കാര്യങ്ങളിലും നല്ല ജാഗ്രത വേണം. പ്രതിസന്ധികളെ സധൈര്യം നേരിട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കണം. ശ്രേയസ്ക്കരമായ കർമങ്ങൾ നിഷ്ഠയോടു കൂടി ചെയ്യുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക. എന്തു വില കൊടുത്തും തീരുമാനം നടപ്പാക്കാൻ ശ്രമിക്കും. ശരിയായ തീരുമാനങ്ങൾ പ്രതിസന്ധികൾ പരിഹരിക്കും. ഗൃഹ സംബന്ധമായി ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. വാഹനം ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല. ദൈവികത വർധിപ്പിക്കുക.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം):
ഈ കൂറുകാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രത്തിൽ ഗുണാധിക്യം പ്രതീക്ഷിക്കാം. തടസ്സപ്പെട്ട പല കാര്യങ്ങളും നടന്നു കിട്ടും. സാമ്പത്തിക സ്ഥിതി തൃപ്തികരം. ഗൃഹനിർമാണം നടക്കും. ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ അവസരമുണ്ടാകും. വിവാഹ സംബന്ധമായി അനുകൂല സാഹചര്യം കൈവരും. ജനമധ്യത്തിൽ അംഗീകാരവും സൽകീർത്തിയും ഉണ്ടാകും. ആരോഗ്യ നില പൂർണമായും തൃപ്തികരമായിരിക്കില്ല. സമ്മിശ്രാവസ്ഥയിലായിരിക്കും. ഔദ്യോഗിക രംഗത്ത് കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. ദൂരദേശ യാത്രയ്ക്ക് അവസരം ലഭിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
ജീവിതഗതിയെ മാറ്റി മറിക്കുന്ന സംഭവങ്ങൾ വന്നുചേരുമെങ്കിലും യുക്തി പൂർവമുള്ള സമീപനത്താൽ ആപത്ഘട്ടങ്ങളെ അതിജീവിക്കുവാൻ സാധിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. വ്യാപാര രംഗത്ത് ലാഭമുണ്ടാക്കാൻ കഠിന പ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം വേണ്ട. ഹൃദ്രോഗികൾ ആരോഗ്യകാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം. ചില നല്ല അവസരങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. അഗ്നി, വാഹനം ഇവയിൽ നിന്നും ആപത്തുകൾ വരാതെ സൂക്ഷിക്കുക. ദാമ്പത്യ ക്ലേശത്തിന് സാധ്യത ഉണ്ടെങ്കിലും പരസ്പര വിട്ടുവീഴ്ചകളിലൂടെ തരണം ചെയ്യും. ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് വിജയം നേടുവാൻ ഉപകരിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര1/2):
ഈ വർഷം ഗുണാനുഭവങ്ങൾ വർധിക്കും. ഈശ്വരാനുഗ്രഹം കൂടുതൽ ഉള്ളതു കൊണ്ട് സാമ്പത്തിക രംഗത്തും കർമരംഗത്തും വൻ നേട്ടം കാണുന്നു. ഭാവിയിൽ നേട്ടമുണ്ടാകുന്ന ചില പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആലോചിക്കണം. ഈശ്വരാനുഗ്രഹത്തെ ദുരുപയോഗം ചെയ്യരുത്. വിദ്യാർഥികൾക്ക് അനുകൂല വിജയവും ഉപരിപഠന പ്രവേശനത്തിന് യോഗവും ഉണ്ട്. കുടുംബജീവിതം ഒരു പരിധിവരെ സന്തോഷമായിരിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചു കഴിയുന്നവർക്ക് അത് ലഭിക്കാനുള്ള സാധ്യത വർധിക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാം”
തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം3/4):
എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക .കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ അനാവശ്യ സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ ഒഴിവാക്കണം. സാമ്പത്തിക ക്രയവിക്രയങ്ങൾ ശ്രദ്ധിച്ച് ചെയ്യുക. തൊഴിൽരംഗത്ത് ചുമതല വർധിക്കും. പുതിയ ജോലിക്കു വേണ്ടി പണം നൽകുന്നവർ ചതിവു പറ്റാതെ സൂക്ഷിക്കണം. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മഹത് വ്യക്തികളുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, ത്യക്കേട്ട):
ഗുണദോഷ സമ്മിശ്ര ഫലം. കുടുംബത്തിലെ അകൽച്ച മാറിക്കിട്ടും. കോടതി കേസുകളിൽ അനുകൂല വിധി ഉണ്ടാകുന്നതാണ്. ആഗ്രഹങ്ങൾ പലതും നിറവേറും. വ്യപാര മേഖലയിൽ പഴയ പ്രതാപം വീണ്ടെടുക്കും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. കടം വാങ്ങുന്നതും കൊടുക്കുന്നതും കരുതലോടെയാവണം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന എതിർപ്പുകളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തും. ആലോചന കൂടാതെയുള്ള പ്രവൃത്തികൾ അപവാദത്തിനിടവരുത്തും. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായി തടസ്സം വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർഥന ചെയ്യുക.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണദോഷ സമ്മിശ്ര ഫലം. അശ്രദ്ധ മൂലം ധനനഷ്ടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മുൻകോപം പല ദോഷങ്ങൾക്കും ഇട വരുത്തും എന്നാൽ അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. നൂതന സംരംഭങ്ങളിൽ ആഗ്രഹമുള്ളവർക്ക് അതിനുള്ള അവസരം വന്നുചേരും. സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. കാർഷിക രംഗത്തുള്ളവർക്ക് കൃഷിയിൽ നിന്ന് ആദായം വർധിക്കും. വിദ്യാർഥികൾ പഠന രംഗത്ത് അശ്രദ്ധ ഒഴിവാക്കണം. വാഹനം, യന്ത്രങ്ങൾ ഇവ കൈകാര്യം ചെയ്യുന്നവരും നല്ല ശ്രദ്ധയോടു കൂടി ചെയ്യണം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
ഗുണദോഷ സമ്മിശ്രത്തിൽ കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലബ്ധി പ്രതീക്ഷിക്കാം. പുണ്യസ്ഥല സന്ദർശനത്തിന് അവസരം വന്നു ചേരും. അസുഖങ്ങളെ അവഗണിക്കരുത്. ആരോഗ്യ ശ്രദ്ധ വേണം. വിശ്വാസയോഗ്യമായ വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. യാഥാർഥ്യം മനസ്സിലാക്കി സഹോദങ്ങൾ ലോഹ്യം കൂടാൻ വന്നുചേരും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകൾ തിരിച്ചു ലഭിക്കും. വിവാഹ വിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4):
എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ആവശ്യമാണ്. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. വിദ്യാർഥികൾക്ക് അലസത വർധിക്കുമെങ്കിലും മനസ്സ് ഏകാഗ്രമാക്കി പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാൻ കഴിയും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിടയുള്ളതിനാൽ സൂക്ഷിക്കണം. ജാമ്യം നിൽക്കുന്നത് പരമാവധി ഒഴിവാക്കണം. മംഗള വേളയിൽ വെച്ച് വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകുന്നത് പുതിയ ആശയങ്ങൾക്കും പ്രവർത്തന തലങ്ങൾക്കും ചിന്തകൾക്കും വഴിയൊരുക്കും. ദൈവാനുഗ്രഹത്താൽ കാര്യങ്ങൾ പലതും അനുകൂലമാവും.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്തൃട്ടാതി,രേവതി):
ഏറ്റെടുത്ത ദൗത്യം വിജയപഥത്തിലെത്തിയ്ക്കുവാൻ അഹോരാത്രം പ്രയത്നവും സഹപ്രവർത്തകരുടെ സഹായവും വേണ്ടിവരും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദീകരിക്കുന്നതു വഴി ആത്മസംതൃപ്തി ഉണ്ടാകും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. തൊഴിൽ മേഖലകളിൽ സമ്മർദം വർധിക്കും. വിദ്യാർഥികൾക്ക് ഈശ്വര പ്രാർഥനകളാൽ പരീക്ഷയിൽ വിജയം ഉണ്ടാകും. പ്രായോഗിക വിജ്ഞാനം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. സമചിത്തതയോടു കൂടിയ പ്രവർത്തന ശൈലി ലക്ഷ്യ പ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും.