ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു
കോഴിക്കോട്: ഉള്ളിയേരിയിൽ വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഉള്ളിയേരിയിലെ ഒള്ളൂരിലാണ് ഇന്ന് ഉച്ചയോടെ പൊട്ടിത്തെറി ഉണ്ടായത്. വടക്കേ കുന്നുമ്മൽ വാസുവിന്‍റെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ആണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു.
വീടിൻ്റെ അടുക്കള ഭാഗത്താണ് ഫ്രിഡ്ജുണ്ടായിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടു സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും തകര്‍ന്നു. ജനൽ ചില്ലുകളടക്കം തകര്‍ന്നു.
തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാനായതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടര്‍ന്നില്ല. വീട്ടിലെ വാതിലും ജനലുമടക്കം തകര്‍ന്നു.
ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ
കഴിഞ്ഞ ദിവസമാണ് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചെന്ന വാർത്ത പുറത്തു വന്നത്. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി നശിച്ചിരുന്നു.
അപകടത്തിൽ നിന്നും വിദ്യാർഥികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാൽ സമാന അപകടങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. ജീവൻ നഷ്ടമാകുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുമുണ്ട്.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതുവഴി ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും.
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിന് മുൻപായി ഒപ്പം ലഭിച്ച ഉപയോക്തൃ മാനുവൽ നന്നായി വായിച്ച് മനസിലാക്കണം.
ഫ്രിഡ്ജ് വെയ്ക്കുന്ന സമയത്ത് ഉപകരണവും ചുമരും തമ്മിൽ നിശ്ചിത അകലമുണ്ടായിരിക്കണം.
ശരിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാകേണ്ടതുണ്ട്. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും..
ഫ്രിഡ്ജ് വെച്ചിരിക്കുന്ന സ്ഥലത്ത് വെന്റിലേഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം.
ഉപകരണം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഫ്രിഡ്ജ് പോലുള്ള വലിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ഇൻ ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. പകരം ചുമരിൽ തന്നെ പ്ലഗ് ഇൻ ചെയ്യാൻ ശ്രദ്ധിക്കണം.
നിങ്ങളുടെ ഫ്രിഡ്ജിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാതെ പോകരുത്. ഫ്രിഡ്ജിന് തകരാറുകൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതിനാൽ ഇത് ഉടൻ തന്നെ പരിഹരിക്കുകയും വേണം.
ഫ്രിഡ്ജിൽ നിന്ന് ചൂട് പുറന്തള്ളാൻ റഫ്രിജറന്റ് ഉപയോഗിക്കുന്നു. എന്നാൽ ആധുനിക ഉപകരണങ്ങളിൽ ഇത് വളരെ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ഇത് കത്തിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. റഫ്രിജറന്റ് ചോർച്ചയുടെ സാധ്യത കുറയ്ക്കുന്നതിന്, മൂർച്ചയുള്ള ഒന്നും ഉപയോഗിച്ച് ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യാൻ പാടില്ല.
ചെറിയ മുറിയിൽ വലിയ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ പ്രത്യക ശ്രദ്ധിക്കണം. ശരിയായ രീതിയിലുള്ള വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെറിയ മുറിയാകുമ്പോൾ കൃത്യമായ വായു സഞ്ചാരം ഉണ്ടാകണമെന്നില്ല. ഇത് അപകട സാധ്യത വർധിപ്പിക്കാൻ ഇടയാക്കും.
ഫ്രിഡ്ജ് തീപിടിച്ചാൽ ചെയ്യേണ്ടത്
വൈദ്യുതി വിതരണം തടയുക.
അഗ്നിശമന സേനയെ വിളിക്കുക.
വീട്ടിലുള്ളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.
തീ പടരുന്നത് തടയാൻ ശ്രമിക്കുക.
ഫ്രിഡ്ജ് സുരക്ഷ അഗ്നിബാധയും മറ്റ് അപകടങ്ങളും ഒഴിവാക്കാൻ സഹായിക്കും. സുരക്ഷാ നടപടികൾ പാലിക്കുന്നതു വഴി ഫ്രിഡ്ജിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും അതിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയും ചെയ്യാം.
ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
ഫ്രിഡ്ജിലെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി സൂക്ഷിക്കണം, ഫ്രീസറിലേത് പൂജ്യം ഡിഗ്രിയിലും സൂക്ഷിക്കണം
വെള്ളവും മറ്റും ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ ചില്ലുപാത്രത്തില്‍ വെക്കുക. കുപ്പി വെള്ളം വാങ്ങുന്ന കുപ്പിയില്‍ ഒരിക്കലും വെക്കരുത്. അവ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ് എന്ന് ഓർമിക്കുക.
ഫ്രിഡ്ജ് കൂടെക്കൂടെ തുറക്കരുത്. അത് വൈദ്യുതി പാഴാക്കുമെന്ന് മാത്രമല്ല, ധാരാളം ബാക്ടീരിയകള്‍ ഉള്ളില്‍ കടക്കാനും ഇടയാകും.
ഉള്ളില്‍ വേണ്ടത്ര തണുപ്പില്ലെങ്കില്‍ ബാക്ടീരിയകള്‍ പെരുകി ഭക്ഷ്യവിഷബാധക്ക് കാരണമാകും.
കൂടെക്കൂടെ കറന്‍റ് പോവുകയും കൂടെക്കൂടെ തുറക്കുകയും ചെയ്യുമ്പോള്‍ അതിനുള്ള സാധ്യത കൂടും. കറന്‍റില്ലാത്ത സമയങ്ങളില്‍ ഫ്രിഡ്ജ് തുറക്കുന്നത് പരമാവധി കുറക്കുക.
വേവിച്ചതും വേവിക്കാത്തതും പ്രത്യേകം അടച്ച് സൂക്ഷിക്കുക. വേവിക്കാത്ത ഇറച്ചി, മീന്‍ എന്നിവയില്‍ ധാരാളം സൂക്ഷ്മാണുക്കളുണ്ടാവും.
അവ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ചില്ലെങ്കില്‍ അണുക്കള്‍ മറ്റു ഭക്ഷ്യവസ്തുക്കളിലേക്ക് കടക്കാന്‍ ഇടയാകും.
English Summary :
Fridge explosion in Ulliyeri: A refrigerator exploded with a loud noise at Olloor, Ulliyeri, this afternoon, causing panic among locals.
fridge-explosion-ulliyeri-ollor
Ulliyeri, fridge explosion, Kerala news, blast, Olloor, locals panic