ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ നൽകാമെന്ന് പറഞ്ഞ് രാജസ്ഥാനിലേക്ക് കൊണ്ടുപോയ പെൺകുട്ടികളെ കബളിപ്പിച്ച് അപരിചിതർക്ക് വിവാഹം കഴിപ്പിച്ച് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കുട്ടികളെ കടത്തിയ രണ്ട് യുവതികൾക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണ് പൊലീസ്.
കച്ചാർ ജില്ല സ്വദേശിയായ ഒരാൾ തന്റെ മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതാണ് ഈ തട്ടിപ്പിലേയ്ക്ക് എത്താൻ കാരണമായത്. ജനുവരി 24 ന് കലൈൻ പൊലീസിൽ ലഭിച്ച പരാതിയിൽ പറയുന്നത് രുപാലി ദുത്ത, ഗംഗ ഗുഞ്ചു എന്നീ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തൊഴിൽ വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയെന്നും, സംഭവത്തിൽ പരാതിക്കാരൻറെ അയൽവാസിയായ പെൺകുട്ടി സംഘത്തിൽ നിന്നും രക്ഷപ്പെട്ട് തിരിച്ചെത്തിയെന്നുമാണ്.
ഇത്തരത്തിൽ ലഭിച്ച പരാതിയെ തുടർന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ പെൺകുട്ടിയിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. തിരികെയെത്തിയ പെൺകുട്ടി നൽകിയ വിവരങ്ങൾ പ്രകാരം കുട്ടികളെ കടത്തിയതിന് പിന്നിൽ രണ്ട് സ്ത്രീകളാണ്.
ഇവർ രണ്ടു പെൺകുട്ടികളെയും അപരിചിതരായ ആളുകൾക്ക് വിവാഹം ചെയ്ത് നൽകുകയും ചെയ്തു. രുപാലി എന്ന പെൺകുട്ടിയാണ് ഇതിൽ നിന്നും രക്ഷപ്പെട്ട് തിരിച്ചെത്തിയത്. വളരെ സാഹസികമായാണ് ഈ പെൺകുട്ടി ട്രെയിൻ കയറി രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയത്.
രാജസ്ഥാനിൽ പെട്ടുപോയ രണ്ടാമത്തെ പെൺകുട്ടിയായ ഗംഗ വീട്ടിലേക്ക് ഫോൺ ചെയ്യാൻ ശ്രമം നടത്തിയത് അന്വേഷണത്തിൽ മറ്റൊരു വഴിത്തിരിവായി മാറി. ഈ കോൾ ട്രേസ് ചെയ്ത് ജയ്പൂരിൽ എത്തിയ പൊലീസ് സംഘം രാജസ്ഥാൻ പൊലീസിൻറെ സഹായത്തോടെ ഗംഗയെ കണ്ടെത്തുകയായിരുന്നു. മാത്രമല്ല അവളെ വിവാഹം ചെയ്ത ലീല റാം എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതുകൂടാതെ അന്വേഷണത്തിനിടയിൽ മറ്റൊരു പെൺകുട്ടിയെ കൂടി രക്ഷിക്കാൻ പൊലീസിന് സാധിച്ചു. യൂണിഫോം കണ്ട് അസാം പൊലീസ് ആണെന്ന് മനസിലാക്കിയ പെൺകുട്ടി, തന്നെ അസാമിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഈ കുട്ടിയേയും പൊലീസ് സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കുട്ടികളെ കടത്തിക്കൊണ്ടുപോയ രണ്ട് യുവതികളെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.