അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്
അബുദാബി: അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ (Darb) പേരിൽ പുതിയ തട്ടിപ്പ് ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
ദർബ് അക്കൗണ്ടിൽ മതിയായ ബാലൻസില്ലാതെ ടോൾ കടന്നതിനാൽ 100 ദിർഹം പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളാണ് നിരവധി പേർക്ക് ലഭിച്ചിരിക്കുന്നത്.
അബുദാബിയിൽ താമസിക്കുന്ന മലയാളികളടക്കം ഒട്ടേറെ വിദേശികൾക്ക് സമാന സന്ദേശങ്ങൾ എത്തിയിട്ടുണ്ട്.
നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യം തടഞ്ഞുവച്ചിരിക്കുകയാണെന്നും, സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് ഉടൻ തന്നെ കുടിശിക ഓൺലൈനായി അടയ്ക്കണമെന്നും ആവശ്യപ്പെടുന്നതാണ് തട്ടിപ്പുസന്ദേശത്തിന്റെ ഉള്ളടക്കം.
സന്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലിങ്കുകൾ ഔദ്യോഗിക വെബ്‌സൈറ്റുകളോട് സാമ്യമുള്ളതായി തോന്നുമെങ്കിലും അവ പൂർണമായും വ്യാജമാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
വിദേശരാജ്യങ്ങളുടെ കോഡിൽ നിന്നുള്ള (+63…) നമ്പറുകളിൽ നിന്നാണ് ഇത്തരം സന്ദേശങ്ങൾ ലഭിച്ചതെന്നതാണ് സംശയം ശക്തമാക്കിയത്.
കൂടാതെ, യഥാർത്ഥത്തിൽ ടോൾ കടക്കാത്തവർക്കും ദർബ് അക്കൗണ്ടിൽ മതിയായ ബാലൻസ് ഉള്ളവർക്കും സമാന സന്ദേശങ്ങൾ ലഭിച്ചതോടെയാണ് പലരും നിജസ്ഥിതി അന്വേഷിച്ചത്.
(അബുദാബിയിലെ ടോൾ സംവിധാനമായ ദർബിന്റെ പേരിലും തട്ടിപ്പ്)
ഗതാഗത വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ഈ സന്ദേശങ്ങൾ മുഴുവനായും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, അതിലുള്ള ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും അബുദാബി ഗതാഗത വകുപ്പ് ശക്തമായി മുന്നറിയിപ്പ് നൽകി.
വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും തട്ടിയെടുക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
വിദേശ കോഡുള്ള നമ്പറുകളിൽ നിന്ന് ലഭിക്കുന്ന ടോൾ സംബന്ധമായ സന്ദേശങ്ങൾ സാധാരണയായി തട്ടിപ്പായിരിക്കുമെന്നും തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും അറിയിച്ചു.
ടോൾ ബാലൻസ്, പിഴ വിവരങ്ങൾ പരിശോധിക്കാനും ഔദ്യോഗികമായി പണമടയ്ക്കാനും Darb App അല്ലെങ്കിൽ TAMM ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും ഗതാഗത വകുപ്പ് ഓർമിപ്പിച്ചു.
സംശയങ്ങൾ ഉണ്ടെങ്കിൽ 800 3009 എന്ന ഔദ്യോഗിക ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പൊലീസിന്റെ അമാൻ സർവീസ് (800 2626) വഴിയോ eCrime.ae പോർട്ടൽ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.









