കായംകുളത്ത് പേപ്പട്ടി ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. കായംകുളം വള്ളികുന്നത്ത് ആണ് സംഭവം. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ മറിയാമ്മ രാജൻ (70) എന്നിവരെയാണ് നായ ആക്രമിച്ചത്. Four injured in dog attack in Kayamkulam
വെള്ളിയാഴ്ച രാവിലെയാണ് ആളുകൾ പേപ്പട്ടിയുടെ ആക്രമണത്തിനിരയായത്. പരിക്കേറ്റവരിൽ മൂന്നുപേരുടെ മുഖവും മൂക്കും ഉൾപ്പെടെ തെരുവ് നായ കടിച്ചു മുറിച്ചു. രാമചന്ദ്രന്റെ കാലിലാണ് പേപ്പട്ടി കടിച്ചത്.
പേപ്പട്ടി ആദ്യം ആക്രമിച്ചത് ഗംഗാധരനെയാണ്. ഇദ്ദേഹത്തിന്റെ കരച്ചിലും ബഹളവും കേട്ട് ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്.
ബന്ധുവായ കുട്ടിയെ നായ കടിക്കാൻ തുനിഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറിയാമ്മയെ നായ ആക്രമിച്ചത്. മറിയാമ്മയ്ക്ക് ഗുരുതര പരിക്കുകളാണ് ഉള്ളത്.
ഇവരുടെ മൂക്ക് മുഖം ചുണ്ട് എന്നിവിടങ്ങൾ കടിച്ചു പറിച്ചു. പരിക്കേറ്റ ഗംഗാധരൻ രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറിയാമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ഹരികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.