തലസ്ഥാനത്തെ ജനങ്ങളുടെ കുടിവെള്ളമില്ലാതെ അനുഭവിച്ച നാലുദിവസത്തെ നരകയാതനയ്ക്ക് ഒടുവിൽ പരിഹാരം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തിൽ പമ്പിങ് പുനഃരാരംഭിച്ചു. ഇതോടെ തലസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം. (Four-day ordeal ends: Pipe fixed in Thiruvananthapuram, pumping resumes)
പമ്പിങ് പുനരാരംഭിച്ചതോടെ താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മണിക്കൂറിനുള്ളിലും ഉയർന്ന പ്രദേശങ്ങളിൽ മൂന്നുനാലു മണിക്കൂറിനുള്ളിലും വെള്ളമെത്തുമെന്നു മേയർ ആര്യ രാജേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.
പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപറേഷൻ പരിധിയിൽ ജലവിതരണം ഉണ്ടായിരിക്കുമെന്നും മേയർ വ്യക്തമാക്കി.
നഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. 10 വാഹനങ്ങൾ കൊച്ചിയിൽനിന്ന് ഇതിനായി എത്തിക്കും.
ജലവിതരണം പ്രശ്നം കണക്കിലെടുത്തു തിങ്കളാഴ്ച കോർപറേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരള സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചു.