മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
കോതമംഗലം ∙ മുൻ നക്സൽ നേതാവും 1968-ലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത പ്രധാനികളിൽ ഒരാളുമായ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു.
കോതമംഗലം വടാട്ടുപാറയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. അർബുദബാധയും വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായി ജനിച്ച സ്റ്റീഫൻ പിന്നീട് കുടുംബത്തോടൊപ്പം ഇടുക്കി ജില്ലയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ പാത പിന്തുടർന്ന് പാർട്ടി പ്രവർത്തനത്തിൽ സജീവമായി.
പാർട്ടി പിളർപ്പിന് ശേഷം സി.പി.ഐയിൽ തുടർന്നിരുന്നെങ്കിലും പിന്നീട് തീവ്ര ഇടതുപക്ഷ നിലപാടുകളിലേക്ക് ആകർഷിക്കപ്പെടുകയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.
1968-ലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം പ്രസ്ഥാനത്തിൽ കൂടുതൽ സജീവമായത്.
വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ സ്റ്റീഫനെ 1971-ലാണ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കേസടക്കം 18 കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ജയിൽവാസത്തിനിടയിൽ വിപ്ലവരാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം ആത്മീയതയിലേക്കും സുവിശേഷ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞിരുന്നു.
English Summary
Former Naxalite leader Vellathooval Stephen passed away at his daughter’s house in Vadattupāra, Kothamangalam, while undergoing treatment for cancer and age-related ailments. Born in Chundamanna near Kangazha in Kottayam, he later moved to Vellathooval in Idukki. He was among the key figures linked to the historic 1968 Thalassery police station attack and was arrested in 1971 in multiple cases, later turning to spiritual and evangelistic activities.
former-naxal-leader-vellathooval-stephen-passes-away
Kothamangalam, Vellathooval, Stephen, Former Naxalite, Thalassery Police Station Attack, Obituary, Kerala News, Left Politics, History, Idukki









