വന്യ ജീവികൾക്കു ദാഹമകറ്റാൻ ചെക്ക്ഡാമുകളും കുളങ്ങളും വൃത്തിയാക്കി വനംവകുപ്പ്
വേനലിൽ വെള്ളം തേടി ഇറങ്ങുന്ന വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ 14 ചെക്ക്ഡാമുകളും 15 കുളങ്ങളും വൃത്തിയാക്കി.
ചെളി പൂർണ്ണമായി മാറ്റി ജലലഭ്യത ഉറപ്പു വരുത്തി. വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഫുഡ് ആന്റ് ഫോൾഡർ പദ്ധതിയുടെ ഭാഗമായി മൂന്നാർ വന്യജീവി ഡിവിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ചിന്നാർ വന്യജീവി സങ്കേതത്തിലെ ചിന്നാർ, ചുങ്കം,ചമ്പക്കാട്, ആലം പെട്ടി,വാഴത്തുറ ഭാഗങ്ങളിലെ ചെക്ക്ഡാമുകളും കുളങ്ങളുമാണ് ഉപയോഗയോഗ്യമാക്കിയത്.
ഇതിലൂടെ വന്യജീവികൾക്ക് കാടിനുള്ളിൽ തന്നെ ജല ലഭ്യതയും ആഹാര ലഭ്യതയും ഉറപ്പാക്കുവാനും വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നത് ഇല്ലാതാക്കുന്നതിനും കഴിയുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
ഇടുക്കിയിൽ പടുതാക്കുളം മരണങ്ങൾ തുടർക്കഥയാകുന്നു; വീണാൽ രക്ഷപെടാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം:
ഇടുക്കിയിൽ വീണ്ടും പടുതാക്കുളത്തിൽ വീണ് യുവാവ് മരിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി മേലേകുപ്പച്ചാംപടി സ്വദേശി കല്ലംമാക്കൽ നോബിൾ തോമസ് ( 38) ആണ് മരിച്ചത്.
സ്വന്തം ഏലത്തോട്ടത്തിലെ പടുതാകുളത്തിലെ കരിയിലകൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതിവീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ ഏലച്ചെടികൾ നനക്കാൻ പറമ്പിലേക്ക് പോയ നോബിളിനെ ഉച്ചയായിട്ടും കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ പടുതാക്കുളത്തിന്റെ കരയിൽ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെയും കട്ടപ്പന അഗ്നിരക്ഷ സേനയുടേയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 15 അടിയോളം ആഴമുള്ള പടുതാക്കുളമാണ് അപകടത്തിന് കാരണമായത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 ൽ അധികം ആളുകളാണ് പടുതാക്കുളത്തിൽ വീണ് ഇടുക്കിയിൽ തന്നെ മരണപ്പെട്ടത്. ഇതിൽ കുട്ടികളാണ് ഏറെയും.
ഇടുക്കിയിൽ പടുതാക്കുളം മരണങ്ങൾ തുടർക്കഥയാകുന്നു
ഏലത്തോട്ടങ്ങളിൽ വേനലിൽ ജലസേചനത്തിനാണ് പടുതാക്കുളങ്ങൾ ഉപയോഗിക്കുന്നത്. പടുതാക്കുളത്തിന്റെ എല്ലാ വശങ്ങളിലും പായൽ മൂടി വഴുക്കലായിരിക്കും അനുഭവപ്പെടുക.
ഇതോടെ നീന്തൽ വിദഗ്ദ്ധർ പോലും പടുതാക്കുളത്തിൽ വീണാൽ തിരികെ കയറാൻ കഴിയാത്ത അവസ്ഥ വരും . വെള്ളത്തിൽ നീന്തി പൊങ്ങി നിന്നാൽ തന്നെ ഏറെ കഴിയുമ്പോൾ കൈകാലുകൾ മരവിച്ച് കുഴഞ്ഞ് താഴ്ന്നു പോകും.
വിജനമായ ഏലത്തോട്ടങ്ങളിൽ കൂകി വിളിച്ചാലൊാ നിലവിളിച്ചാലൊ സഹായം ലഭിക്കില്ല. പടുതാക്കുളങ്ങൾ നിർമിക്കുമ്പോൾ തന്നെ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളും അഗ്നിരക്ഷാസേനയും മാധ്യമങ്ങളിലൂടെ പലതവണ നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്.
സുരക്ഷാ വേലികൾ ഉറപ്പാക്കുക. ട്യൂബുകൾ കാറ്റു നിറച്ച് പടുതാക്കുളത്തിൽ നിക്ഷേപിക്കുക, കരയിൽ നിന്നും കയർ കെട്ടി പടുതാക്കുളത്തിൽ ഇടുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ പടുതാക്കുളത്തിൽ വീണാലും രക്ഷപെടാൻ കഴിയും.
എന്നാൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.









