നിരവധി പരാതികളുയർന്നതോടെ ഈ വരുന്ന നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ലെന്ന് റിപ്പോർട്ട്. 140ഓളം പരാതികളാണ് നിലവിൽ വന നിയമ ഭേദഗതികൾ സംബന്ധിച്ച് ആകെ ലഭിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടവയാണ്. Forest Amendment Bill not yet in place
ലഭിച്ച പരാതികളിൽ ഭേദഗതികൾ സംബന്ധിച്ചവയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പരിശോധന നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇത്തരത്തിൽ ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തുടർനടപടികൾ സ്വീകരിക്കും. തുടർന്ന് സബ്ജക്ട് കമ്മിറ്റിയിൽ ഭേദഗതികൾ വരുത്തി സഭയ്ക്ക് മുന്നിൽ വെയ്ക്കാനാണ് ആലോചന.
ഭേദഗതികൾ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ക്രൈസ്തവ സഭകളും കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ പ്രതിഷേധമുയർത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സർക്കാർ ചർച്ച നടത്തും.
ജനവികാരം കണക്കിലെടുത്താണ് സർക്കാർ താൽക്കാലികമായി ബില്ലിൽ നിന്ന് പിൻമാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളിൽ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതാണന്ന് വിമർശനം ഉയർന്നിരുന്നു. 1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല.