web analytics

ഷവർമയും ഷവായയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

ഷവർമയും ഷവായയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഷവർമ, ഷവായ് കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് പ്രവർത്തിക്കുന്ന റിയല്‍ അറേബ്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഈ മാസം 16ന് ആണ് സംഭവം. റിയല്‍ അറേബ്യ ഹോട്ടലിൽ നിന്ന് ഷവർമയും ഷവായിയും കഴിച്ച ഇരിങ്ങാലക്കുട സ്വദേശികളായ 3 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവ ദിവസം വൈകിട്ടോടെ ഇവരുടെ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു.

മൂന്നുപേരിൽ യുവതിയുടെ നില ഗുരുതരമായതിനെ തുടർന്ന് 3 ദിവസം ആണ് ഐസിയുവിൽ കഴിഞ്ഞത്. ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്.

തുടർന്ന് യുവതിയെ ഇവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു.

3 ദിവസം ഐസിയുവിലായിരുന്ന മകളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട് എന്ന് യുവതിയുടെ അമ്മ പ്രതികരിച്ചു. ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർ പറഞ്ഞതായും യുവതിയുടെ അമ്മ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് എറണാകുളം ഭക്ഷ്യസുരക്ഷാ വകുപ്പിനു പരാതി നൽകിയതായും അവർ അറിയിച്ചു. എന്നാൽ ഹോട്ടലിനെ കുറിച്ച് പിന്നീട് തങ്ങൾ അന്വേഷിച്ചപ്പോൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്നു എന്നാണ് അറിഞ്ഞത് എന്നും അമ്മ കൂട്ടിച്ചേർത്തു.

യുവതിക്കൊപ്പം ഭക്ഷണം കഴിച്ചവരിലൊരാൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മൂന്നാമത്തെയാൾ വീട്ടിൽ വിശ്രമത്തിലും ആണ്.

അതേസമയം ഹോട്ടലിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മൊഴിയെടുത്തു കൊണ്ടിരിക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ വകുപ്പും കൊച്ചി കോർപറേഷൻ അധികൃതരും അറിയിച്ചു.

യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തുകയാണെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മീഷണർ ജോസ് ലോറൻസ് വ്യക്തമാക്കി.

ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചതു സംബന്ധിച്ച് ഈ മാസം 21ന് മറ്റൊരു പരാതി കിട്ടിയിരുന്നുവെന്നും ഇതിനെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ അന്നു തന്നെ ഹോട്ടലിനെ സംബന്ധിച്ച് തിരക്കിയെങ്കിലും കോർപറേഷൻ അധികൃതരുടെ നിർേദശപ്രകാരം ഹോട്ടൽ അടച്ചിരിക്കുകയാണ് എന്നാണ് വ്യക്തമായതെന്നും അസി. കമ്മീഷണർ ജോസ് ലോറൻസ് പറഞ്ഞു.

എന്താണ് ഭക്ഷ്യവിഷബാധ ?

പഴകിയതോ വൃത്തിഹീനമായതോ ആയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതു വഴി ഒരു വ്യക്തിക്കോ ഒരുകൂട്ടമാളുകൾക്കോ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഭക്ഷ്യവിഷബാധ എന്ന് വിളിക്കുന്നത്.

വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത് വിളമ്പുന്ന ഭക്ഷണസാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളിൽ സൂക്ഷിക്കാത്ത ആഹാരപദാർഥങ്ങളിലുമാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കൾ വേഗത്തിൽ കടന്നുകൂടുന്നത്.

ബാക്ടീരിയകൾ, വൈറസുകൾ, പരാദങ്ങൾ തുടങ്ങിയ സൂക്ഷ്മജീവികളൊക്കെ ആഹാരത്തിലെ അണുബാധയ്ക്ക് കാരണമാകാം. ചില സന്ദർഭങ്ങളിൽ ഭക്ഷണത്തിൽ രാസവസ്തുക്കൾ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കാറുണ്ട്.

ഭക്ഷ്യ വിഷബാധ ലക്ഷണങ്ങൾ

ഉദരപ്രശ്നങ്ങളാണ് ഭക്ഷ്യവിഷബാധയെത്തുടർന്നുണ്ടാകുന്ന ഏറ്റവും പ്രധാന ലക്ഷണം.

ഭക്ഷ്യവിഷബാധയെത്തുടർന്ന് വയറുവേദന, ഛർദി, വയറിളക്കം, പനി, മലത്തിലൂടെ രക്തം പോകുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം.

ഭക്ഷ്യവിഷബാധ ഉണ്ടായാൽ ഏതാനും മണിക്കൂറുകൾക്കകം തന്നെ രോഗലക്ഷണങ്ങൾ പ്രകടമാകാം.

ഒരു സ്ഥലത്തുനിന്നു തന്നെ ഒരേ ഭക്ഷണം കഴിച്ച ഒരുകൂട്ടമാളുകൾക്ക് സമാനരോഗലക്ഷണങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകുകയാണെങ്കിൽ ഭക്ഷ്യവിഷബാധയുടെ ശക്തമായ സൂചനയാണത് എന്ന് തിരിച്ചറിയണം.

ഉടൻതന്നെ വൈദ്യസഹായം തേടുകയും ഒപ്പം ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും വേണം.

Summary: Several people suffered food poisoning after consuming shawarma and shawai from Real Arabia Hotel in Ravipuram, Kochi. Health officials have initiated an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

Related Articles

Popular Categories

spot_imgspot_img