വിദേശയാത്രയിൽ സൗജന്യമായി ഒരു സ്ഥലം കൂടി കാണാൻ അവസരം കിട്ടിയാൽ ആരെങ്കിലും വേണ്ടെന്ന് വെയ്ക്കുമോ.. രണ്ടു ദിവസം ഒരു നഗരത്തിൽ സൗജന്യമായി താമസിക്കാം എന്നു കൂടി അറിഞ്ഞാലോ? ഉറപ്പായും പോയിരിക്കും അല്ലേ? എങ്കിൽ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ.
യുഎഇയുടെ ദേശീയ വിമാന സർവീസുകളിലൊന്നായ ഇത്തിഹാദ് എയർവേയ്സ് ആണ് കിടിലൻ ഓഫറുമായി എത്തിയിരിക്കുന്നത്. ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാനാണ് വിമാന കമ്പനി അവസരം നൽകുന്നത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ടാസ്വദിക്കാനാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പും ഇത്തിഹാദ് എയർവേയ്സും ഒപ്പുവച്ചു കഴിഞ്ഞു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് യാത്രക്കാർക്ക് ഇത്തിഹാദ് എയർവേയ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സ്റ്റോപ്പ് ഓവർ ആയി അബുദാബി ചേർക്കാനും കോംപ്ലിമെൻററി ഹോട്ടൽ തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ട്.
അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിൽ അബുദാബിയെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സ്റ്റോപ്പ് ഓവർ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. സന്ദർശകർക്ക് അബുദാബി എമിറേറ്റ് സന്ദർശിക്കുവാനും നാടിനെ പരിചയപ്പെടുവാനും വ്യത്യസ്തതകൾ ആസ്വദിക്കുവാനുമെല്ലാം ഇത് വഴി അവസരം ലഭിക്കുന്നു.
ഇത്തിഹാദ് എയർവേയ്സ് വെബ്സൈറ്റ് ആയ etihad.com വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് അബുദാബി സ്റ്റോപ്പ് ഓവർ പാക്കേജ് ലഭിക്കുക. എത്തിഹാദിൽ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ, ഓൺലൈൻ ബുക്കിംഗ് പ്രക്രിയയുടെ ഭാഗമായി അതിഥികൾക്ക് ഒരു സ്റ്റോപ്പ് ഓവർ ചേർക്കാനും കോംപ്ലിമെൻററി ഹോട്ടൽ തിരഞ്ഞെടുക്കാനുമുള്ള ഓപ്‌ഷൻ ലഭ്യമാണ്. നഗരത്തിലുടനീളമുള്ള പ്രീമിയർ ഹോട്ടലുകളുടെ ശ്രേണിയിൽ അതിഥികൾക്ക് ഒന്നോ രണ്ടോ രാത്രികൾ സൗജന്യ താമസം തിരഞ്ഞെടുക്കാനും സാധിക്കും.
പുതിയ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ പേരെ 2025ൽ അബുദാബിയിലെത്തിക്കാനാണ് ശ്രമം. ഒരിക്കൽ തലസ്ഥാന നഗരി സന്ദർശിച്ചവർ കൂടുതൽ ആസ്വദിക്കാനായി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷ.
Read More: ഇടുക്കിയിൽ ഡ്രൈ ഡേയിൽ 50 ലിറ്റർ ചാരായം പിടിച്ചെടുത്ത് എക്സൈസ്; ഒരാൾ അറസ്റ്റിൽ