കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുപി സ്വദേശികളായ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. പെരുമ്പാവൂർ സ്പെഷ്യൽ (പോക്സോ) കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
ഇതുകൂടാതെ 40 വർഷത്തെ കഠിന തടവിനും വിധിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് കൊച്ചിയിലെ ഏലൂരിലായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുപി സ്വദേശികളായ ഫർഹദ് ഖാൻ, ഹാരൂൺ ഖാൻ, ആഷു, ഫയിം, ഷാഹിദ് എന്നിവരാണ് പ്രതികൾ. ഏലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
2020-ൽ കൊവിഡ് കാലത്തായിരുന്നു സംഭവം. ഹിന്ദി ഭാഷ നന്നായി സംസാരിച്ചിരുന്ന പെൺകുട്ടിയെ സിം കാർഡ് എടുത്ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ സമീപിച്ചത്. തുടർന്ന് പെൺകുട്ടിയെ തനിച്ചും സംഘം ചേർന്നും പല സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്നായിരുന്നു പരാതി. ഹാരൂൺഖാനിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവിനും 50,000രൂപ പിഴയുമാണ് ശിക്ഷ വിധിച്ചു.
ഫർഹദ് ഖാനെ ഒരു കേസിൽ കുറ്റവിമുക്തനാക്കുകയും മറ്റ് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 60 വർഷത്തെ കഠിന തടവും 1.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഷാഹിദ് ഖാന് ഒരു കേസിൽ ജീവിതാന്ത്യം വരെയുള്ള ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും 75,000 രൂപ പിഴയുമാണ് വിധിച്ചത്. ആഷുവിന് ഒരു കേസിൽ 40 വർഷത്തെ കഠിന തടവും 50,000രൂപ പിഴയുമാണ് വിധിച്ചത്.
ഫയീമിന് രണ്ട് കേസുകളിലായി ജീവിതാന്ത്യം വരെയുള്ള ഇരട്ട ജീവപര്യന്തം കഠിന തടവും 20 വർഷത്തെ കഠിന തടവും, 1.5 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. അഞ്ച് കുറ്റപത്രങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി ദിനേശ് എം പിള്ളയാണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പ്രത്യേക പ്രോസിക്യൂട്ടർ സിന്ധുആണ് വാദിച്ചത്. കേസിൽ അറസ്റ്റിലായ ആറാമത്തെ വ്യക്തി പ്രത്യേക കേസിൽ വിചാരണ നേരിടുന്നുണ്ട്. ഏലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ അരുൺ കുമാറാണ് നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിന് കോടതി ഉത്തരവിട്ടത്.