ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് സുരക്ഷ ഒരുക്കുന്നത് വനിതാ സുരക്ഷ ഉദ്യോഗസ്ഥരാണ്. ഇന്ന് ഗുജറാത്തിലെ നവസാരിയിൽ ലഖ്പതി ദീദി സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. ഈ പരിപാടിയിലൂടെ വനിതാ സംരംഭ ഗ്രൂപ്പുകൾക്കുള്ള 450 കോടിയുടെ ധനസഹായം മോദി പ്രഖ്യാപിക്കും. ശേഷം തിരഞ്ഞെടുക്കപ്പെട്ട 10 വനിതാ സംരംഭകരുമായി മോദി സംവദിക്കുകയും ചെയ്യും.
2,300 വനിതാ സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രധാന മന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. 87 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 5 എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും സംഘത്തിൽ ഉണ്ടാകുക.
നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി വന്നിറങ്ങുന്നത് മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുക. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലും ഇന്ന് കൈകാര്യം ചെയ്യുന്നത് വനിതകളായിരിക്കുമെന്നും അധികൃതർ അറിയിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.