സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ച്വറി വേട്ട തുടർന്ന് തിലക് വർമ. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി തികച്ച അതേ ഫോമിൽ തന്നെയാണ് തിലക് വർമ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മത്സരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ച്വറി തികച്ചിരിക്കുകയാണ്. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെയാണ് തിലക് വെടിക്കെട്ട് ഇന്നിങ്സ് പുറത്തെടുത്തത്.
67 പന്തിൽ നിന്നും 14 ഫോറും 10 സിക്സറുമടിച്ച് 151 റൺസാണ് തിലക് സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻറെ ഏറ്റവും ഉയർന്ന സ്കോറാണ് തിലക് സ്വന്തമാക്കിയിരിക്കുന്നത്. ശ്രേയസ് അയ്യറിൻറെ 147 റൺസ് എന്ന റെക്കോർഡാണ് അദ്ദേഹം തകർത്തത്.
ട്വൻറി-20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി തികക്കുന്ന കളിക്കാരനാകാനും തിലകിന് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ ഈയിടെ അവസാനിച്ച പരമ്പരയിലെ മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും തിലക് സെഞ്ച്വറി അടിച്ചിരുന്നു. മൂന്നാം മത്സരത്തിൽ 56 പന്തിൽ 107 റൺസെടുത്ത താരം നാലാം ടി 20 യിൽ 47 പന്തിൽ 120 റൺസെടുത്തു.









