കൊച്ചി: ബ്രഹ്മപുരത്തേക്ക് മാലിന്യവുമായി പോകുന്ന കോർപ്പറേഷൻ ലോറികൾ ഫയർഫോഴ്സ് തടഞ്ഞു. ലോറികളിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിരന്തരമായതോടെയാണ് ഫയർഫോഴ്സിന്റെ ഇടപെടൽ. പിന്നാലെ കോൺഗ്രസ് പ്രവർത്തകരും മാലിന്യ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം നടത്തി.
മലിനജലം റോഡിൽ വീണ് അപകടങ്ങൾ പതിവായതോടെ ഫയർഫോഴ്സ് കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് മാലിന്യവുമായി പതിവുപോലെ ബ്രഹ്മപുരത്തേക്ക് പോയ ലോറികളാണ് കാക്കനാട് സിഗ്നൽ ജംഗ്ഷനിൽ തടഞ്ഞത്. പിന്നാലെ കോൺഗ്രസ് പ്രവർത്തകരും മാലിന്യ ലോറികൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ജൈവമാലിന്യങ്ങൾ ഉൾപ്പെടെ അടച്ചു കെട്ടി കൊണ്ടുപോകണം എന്നാണ് നിയമം. പക്ഷേ കോർപ്പറേഷന്റെ ലോറികളിൽ മാലിന്യങ്ങൾ തുറന്നിട്ടാണ് കൊണ്ടുപോകുന്നത്. മലിനജലം റോഡിൽ ഒഴുകി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. അപകടത്തിൽ ചിലർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സുരക്ഷിതമല്ലാതെ മാലിന്യം കൊണ്ടു പോയതിന് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.