കൊച്ചി: ഉൾക്കടലിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ കസ്റ്റഡിയിലെടുത്ത് മറൈൻ എൻഫോഴ്സ്മെന്റ്. ചെല്ലാനം ഭാഗത്ത് നടന്നിരുന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ഭാരത് രത്ന, ഭാരത് സാഗർ എന്നീ ഫിഷിങ് ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.(Film shooting in the bay without permission; two boats in custody in Kochi)
ഇന്ത്യൻ നേവി നടത്തുന്ന സീ വിജിൽ തീരസുരക്ഷ മോക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ നടന്ന പരിശോധനയ്ക്കിടയിലാണ് കടലിലെ സിനിമാ ചിത്രീകരണം ശ്രദ്ധയിൽപ്പെട്ടത്. തെലുങ്ക് സിനിമയുടെ ചിത്രീകരണമാണ് നടന്നത്. കൊച്ചി സ്വദേശികളായ വികെ അബു, ബെനഡിക്ട് സെബാസ്റ്റ്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പെഴ്‌സീൻ നെറ്റ് ബോട്ടുകളാണ് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് രണ്ടര ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
പരിശോധനയിൽ ബോട്ടുകൾക്ക് കടലിൽ സഞ്ചരിക്കാനുള്ള ഫിഷറീസ് വകുപ്പിന്റെ സ്പെഷൽ പെർമിറ്റ് ഇല്ലെന്നും കടലിൽ സിനിമാ ചിത്രീകരണം നടത്താൻ അനുമതിയില്ലെന്നും കണ്ടെത്തി. ചെല്ലാനം ഹാർബറിൽ മാത്രമാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നതെന്നാണ് ഫിഷറീസ് അധികൃതർ പറയുന്നത്. എന്നാൽ അനുമതി മറികടന്ന് കടലിലേക്ക് ചിത്രീകരണത്തിന് പോയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
അതേസമയം ബോട്ടിലുണ്ടായിരുന്ന 33 സിനിമാ പ്രവർത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ല. ഫിഷറീസ് അസി ഡയറക്ടർ പി അനീഷ്, ഫിഷറീസ് എക്സ്റ്റെൻഷൻ പിപി സിന്ധു, സബ് ഇൻസ്‌പെക്ടർ സംഗീത് ജോബ്, പിജെ ഷിജു, പിങ്ക്‌സൺ, സീ റസ്‌ക്യു ഗാർഡുമാരായ മഹേന്ദ്രൻ, ജിപ്‌സൺ, ബാലു, ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടുകൾ പിടികൂടിയത്.