മേപ്പാടി ∙ ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെയും അമ്മയെയും തിരയുകയായിരുന്നു അഭിനന്ദ്. അച്ഛനെ കാണിക്കാനാണ് മേപ്പാടി ആരോഗ്യകേന്ദ്രത്തിലേക്ക് അഭിനന്ദിനെ അമ്മാവൻ കൊണ്ടുവന്നത്.
അച്ഛൻ അവിടെ തണുത്തുറഞ്ഞ് ഉറങ്ങിക്കിടപ്പുണ്ടായിരുന്നു. അച്ഛന്റെ മൃതശരീരം തിരിച്ചറിഞ്ഞ് അഭിനന്ദ് നെഞ്ചുപൊട്ടിക്കരഞ്ഞ് നിലത്തേക്ക് ഇരുന്നുപോയി.
ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്നു അഭിനന്ദിന്റെ അച്ഛൻ കല്യാൺകുമാർ. മേപ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങളിൽ ഒന്ന് കല്യാൺകുമാറിന്റെ ശരീരമാണോ എന്ന സംശയത്തെ തുടർന്നാണ് ബന്ധുക്കൾ മകനെയും എത്തിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി.