പാറ്റ്ന: താൻ തിരഞ്ഞെടുത്ത വരനെ വിവാഹം കഴിക്കാൻ തയാറല്ലെന്ന് വാശിപിടിച്ച മകളെയും മകൾക്കൊപ്പം നിന്ന അമ്മയെയും കൊലപ്പെടുത്തി പിതാവ്. അച്ഛനും മകനും ചേർന്ന് അമ്മയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. അമ്മ പാർവതി ദേവി, മകൾ പ്രതിമ കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ബിഹാറിലെ പാറ്റ്നയിൽ ചുടിയ പൊലീസ് സ്റ്റേഷൻ പരിധിയിയിലെ പിയാരകലയിലാണ് സംഭവം നടന്നത്. മകൾ അച്ഛൻ തെരഞ്ഞെടുത്ത വരനു പകരം സ്വന്തം ഇഷ്ടപ്രകാരം ഒരാളെ തെരഞ്ഞെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തു.
ജാർഖണ്ഡിലെ ഒരു യുവാവുമായി പ്രതിമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഇഷ്ടപ്പെട്ടയാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നായിരുന്നു മകളുടെ നിലപാട്. അമ്മയും ഈ വിഷയത്തിൽ മകൾക്കൊപ്പം നിന്നതോടെ പ്രതികൾ ഇരുവരെയും വകവരുത്തുകയായിരുന്നു.
മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് അമ്മയും മകളും മരിച്ചതെന്നായിരുന്നു പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരുടെയും മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതും മൃതദേഹങ്ങളിൽ മുറിവുകൾ കണ്ടതും സംശയത്തിനിടയാക്കി.
വെള്ളിയാഴ്ച രാത്രി, അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പ്രതിമയെ കഴുത്തിൽ ഷാൾ ഉപയോഗിച്ച് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പാർവ്വതിയെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കുറ്റകൃത്യത്തിനു ശേഷം മൃതദേഹങ്ങൾ പവർ ഗ്രിഡ് സബ്സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മൃതദേഹങ്ങൾ പ്രദേശത്തെ പവർ ഗ്രിഡ് സബ്‌സ്റ്റേഷനു സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്തായി പൊലീസ് അറിയിച്ചു. പാർവതിയുടെ ഭർത്താവ് രാം നാഥ് റാമിനെയും, ഇളയ മകൻ ഛോട്ടു കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ ജില്ലാ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും എസ്പി പറഞ്ഞു.