പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍
ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, മക്കൾ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ സ്കൂളിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇ.പി. ഗണേശൻ (56) എന്നയാളുടെ മരണമാണ് രണ്ട് മാസം പിന്നിടുമ്പോൾ ആസൂത്രിത കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞത്.
സംഭവത്തിൽ ഗണേശന്റെ മക്കളായ ജി. മോഹൻരാജ്, ഹരിഹരൻ എന്നിവരോടൊപ്പം വാടക ഗുണ്ടാ സംഘത്തിലെ അംഗങ്ങളുമാണ് പിടിയിലായത്.
ഒക്ടോബർ 22നാണ് ഗണേശൻ പാമ്പുകടിയേറ്റ് മരിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. സ്വാഭാവികമായൊരു ദുരന്തമെന്ന നിലയിലാണ് കേസ് തുടക്കത്തിൽ പരിഗണിച്ചിരുന്നത്.
എന്നാൽ പിതാവിന്റെ മരണത്തിന് പിന്നാലെ മക്കൾ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി അസാധാരണമായ വേഗത്തിൽ നടപടികൾ ആരംഭിച്ചതാണ് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍
ഗണേശന്റെ പേരിൽ ഏകദേശം മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് ഉണ്ടായിരുന്നതായും കണ്ടെത്തി.
ചെറിയ കുടുംബമായിട്ടും കുടുംബാംഗങ്ങളുടെ പേരിൽ ആകെ 13 ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നതും സംശയങ്ങൾക്ക് ഇടയാക്കി.
ഗണേശനു മാത്രമായി മൂന്ന് ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നു. ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട രേഖകളിലും കുടുംബാംഗങ്ങൾ ഉന്നയിച്ച വാദങ്ങളിലുമുള്ള വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇൻഷുറൻസ് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ അതീവ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി, ആദ്യ ഘട്ടത്തിൽ മൂർഖൻ പാമ്പിനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.
തുടർന്ന് പദ്ധതി മാറ്റി, ഒക്ടോബർ 22നു പുലർച്ചെ മറ്റൊരു വിഷപ്പാമ്പിനെ വീട്ടിലെത്തിച്ച് ഗണേശന്റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു.
പാമ്പുകടിയേറ്റ് ഗണേശൻ ബഹളം വച്ചപ്പോൾ, മക്കൾ ഇരുവരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നതായും പോലീസ് കണ്ടെത്തി.
കൂടാതെ, ഗണേശനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ മനഃപൂർവം വൈകിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഈ വൈകിപ്പിക്കൽ മരണത്തിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ചു എന്നാണ് പോലീസ് നിഗമനം.
തുടർന്നുള്ള അന്വേഷണത്തിലാണ് പാമ്പിനെ എത്തിച്ചു നൽകിയവരെയും വാടക ഗുണ്ടാ സംഘത്തിലെ മറ്റ് അംഗങ്ങളെയും തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഇൻഷുറൻസ് തുകയ്ക്കായി സ്വന്തം പിതാവിനെ തന്നെ ക്രൂരമായി കൊലപ്പെടുത്തിയ ഈ സംഭവം സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
സാമ്പത്തിക ലാഭത്തിനായി മനുഷ്യബന്ധങ്ങളെ പോലും തകർക്കുന്ന കുറ്റകൃത്യങ്ങളുടെ ഭീകരതയാണ് ഈ കേസ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.









