സബ് രജിസ്ട്രാർ ഓഫിസിൽ അതിക്രമിച്ചു കയറി യുവതിക്കെതിരെ ഭർത്താവിന്റെ വധശ്രമം. സംഭവം ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫിസിൽ. കുടുംബ വഴക്കിനെത്തുടർന്നാണ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരി കൂടിയായ ഭാര്യയുടെ കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചത്. കേസിൽ നെടുങ്കണ്ടം മോഡീഹൗസിൽ മനോജിനെയാണ്(54) പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഓഫിസ് പ്രവർത്തനസമയത്തായിരുന്നു പ്രതിയുടെ അതിക്രമം. മുണ്ടിയെരുമയിൽ പ്രവർത്തിക്കുന്ന ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫിസിൽ കയറി ഇയാൾ ഭാര്യയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും, ശേഷം കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, മാസങ്ങൾക്ക് മുമ്പ് ഇയാൾ കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിൽ കയറി മറ്റൊരു ജീവനക്കാരനെ മർദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസിൽ കേസുള്ളതായും പോലീസ് വ്യക്തമാക്കി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
English summary : family quarrel; The sub-registrar’s office was broken into; Attempt to kill the young woman; Husband arrested