1996 ഏപ്രിൽ ഒന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി സുപ്രധാനമായ ഒരു തീരുമാനമെടുത്തു ചാരായം നിരോധിക്കുക. 5600 ചാരായ ഷാപ്പുകളാണ് അന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടച്ചുപൂട്ടിയത്. അധികാരത്തിൽ വന്നാൽ ചാരായ നിരോധനം പിൻവലിക്കുമെന്ന് അന്നത്തെ എൽഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും അധികാരം കൈയ്യിൽ കിട്ടിയിട്ടും അവർ അതിന് മുതിർന്നില്ല.

നിരോധനം വന്നിട്ടും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പലയിടത്തും വാറ്റും വിൽപ്പനയും നടന്നു. എന്നാൽ അവയൊക്കെ എക്‌സൈസും പോലീസും ചിലപ്പോഴൊക്കെ അബ്കാരി മുതലാളിത്വവും ചേർന്ന് അടിച്ചൊതുക്കി.

എന്നാൽ ചാരായം നിരോധിച്ച് മൂന്ന് പതിറ്റാണ്ട് തികയുമ്പോഴും സുലഭമായി കള്ളവാറ്റും വിൽപ്പനയും നടക്കുന്ന ചുരുക്കം പ്രദേശങ്ങൾ സംസ്ഥാനത്തുണ്ട്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ചാരായം സുലഭമായി ലഭിക്കുക.
ഇടുക്കി കാഞ്ചിയാർ, മേലേചിന്നാൽ, ബഥേൽ, വട്ടവട, മറയൂർ, രാമക്കൽമേട്, കാന്തല്ലൂർ, അണക്കര തുടങ്ങി ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളുടെ വിവിധ പ്രദേശങ്ങളിൽ ചാരായം വാറ്റും വിൽപ്പനയും പരസ്യമായ രഹസ്യമാണ്.
ഇടക്കാലത്ത് സജീവമല്ലാതിരുന്ന കള്ളവാറ്റ് സംഘങ്ങൾ തങ്ങൾക്ക് ലഭിക്കുന്ന കൊള്ള ലാഭം ല്ക്ഷ്യമിട്ടാണ് വൻ തോതിൽ വാറ്റുന്നത്. പുറം നാടുകളിൽ നിന്നും ഹൈറേ്ഞ്ചിലെ റിസോർട്ടുകളിലും സുഹൃത്തുക്കളെ തേടിയും എത്തുന്നവർ എന്ത് വില നൽകിയും വാങ്ങും എന്നതു തന്നെ കാരണം.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ മദ്യ ദുരന്തത്തന് കാരണമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് വാറ്റുന്ന ചാരായം വൻ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കാം.
രാമക്കൽമേട് ആമപ്പാറ ഭാഗത്തെ വൻ വാറ്റുകേന്ദ്രം എതാനും മാസങ്ങൾക്ക് മുൻപ് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. നവംബർ 11 ന് ഇതേ സ്ഥലത്ത് വീണ്ടും വാറ്റുകേന്ദ്രം റെയ്ഡ് ചെയ്തു. കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല വില്ലേജിൽ കരിമല കരയിൽ ജീപ്പിൽ 10 ലിറ്റർ വാറ്റു ചാരായം കടത്തിയ മാവറ സിറ്റി കരയിൽ കോലംകുഴിയിൽ വീട്ടിൽ മാത്യു ജോസഫ് (50് ) നെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് ഉടുമ്പൻചോല വില്ലേജിൽ അട്ടുപാറ കരയിൽ നടത്തിയ പരിശോധനയിൽ കോയിക്കര വീട്ടിൽ ഫ്രാൻസിസ്(65) ന്റെ വീട്ടിൽ നിന്നും അഞ്ച് ലിറ്റർ വാറ്റു ചാരായവും പിടിച്ചെടുത്തു. ഇരുവരേയും റിമാൻഡ് ചെയ്തു. പരിശോധനകൾ കർശനമാക്കിയിട്ടും ചാരായം വാറ്റും വിൽപ്പനയും നിയന്ത്രിക്കാൻ കഴിയാത്തത് എക്‌സൈസിനും തലവേദനയായിട്ടുണ്ട്.