ചെന്നൈ: ഒട്ടേറെ ആരാധകരുള്ള ഇന്ത്യൻ പ്രീമിയർ ലീഗിലെ ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ആരാധകർ തന്നെയാണ് ടീമിന്റെ ശക്തി. എംഎസ് ധോണിയുടെ നായകത്വത്തിൽ അഞ്ച് തവണയാണ് ചെന്നൈ കിരീടം ചൂടിയത്. ഐപിഎല്‍ പോലെ വനിതകളുടെ പ്രീമിയര്‍ ലീഗ് കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. രണ്ടാം സീസണ് മുന്നോടിയായി താരലേലവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഐപിഎല്ലിലെ മിക്ക പ്രമുഖരും വനിതാ പ്രീമിയര്‍ ലീഗിലും ടീമിനെ ഇറക്കിയിട്ടുണ്ട്. എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇതുവരെ വനിതാ ടീമിനെ കളത്തിലിറക്കിയിട്ടില്ല. എന്തുകൊണ്ട് ഇതുവരെ ഒരു വനിതാ പ്രീമിയർ ലീഗ് ടീമിനെ രൂപീകരിക്കാത്തതെന്ന ചോദ്യം വ്യാപകമായി ഉയരുകയാണ്. ഒടുവിൽ അതിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് സിഎസ്കെ.
ഇതിന് പിന്നില്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും ബിസിനസ് പരമായ തീരുമാനം മാത്രമാണെന്നുമാണ് റിപ്പോർട്ട്. വനിതാ പ്രീമിയര്‍ ലീഗില്‍ ഇപ്പോഴേ പണം മുടക്കിയാല്‍ ലാഭത്തിലാവുമോയെന്ന ആശങ്കയുണ്ട്. അതുകൊണ്ടാണ് ഐപിഎല്ലില്‍ സജീവമായിട്ടും സിഎസ്‌കെ വനിതാ പ്രീമിയര്‍ ലീഗില്‍ ടീമിനെ ഇറക്കാത്തത്. ഐപിഎല്‍ പോലെ വലിയൊരു വളര്‍ച്ച വനിതാ പ്രീമിയര്‍ ലീഗിനുണ്ടാവില്ല. ഇന്ത്യയില്‍ ക്രിക്കറ്റിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായി വലിയ ലാഭത്തിലല്ല വനിതാ പ്രീമിയര്‍ ലീഗ്. ഈ കാരണത്താലാണ് സിഎസ്‌കെ ഇപ്പോള്‍ ടീമിനെ ഇറക്കാത്തത്. എന്നാല്‍ അധികം വൈകാതെ വനിതാ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെ ടീമിനെ പ്രതീക്ഷിക്കാമെന്നും സിഎസ്‌കെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ വരുന്ന സീസണ്‍ മുന്നില്‍ക്കണ്ട് ശക്തമായ പടയൊരുക്കമാണ് നടത്തുന്നത്. ചില നിര്‍ണ്ണായക മാറ്റങ്ങള്‍ ടീമിൽ വന്നേക്കാം. വരുന്ന സീസണിലും സിഎസ്‌കെയെ നയിക്കാന്‍ എംഎസ് ധോണിയുണ്ടാവും. എന്നാല്‍ ഭാവി നായകനെ കണ്ടെത്തുകയും ധോണിയ്ക്ക് പകരം മറ്റൊരു നായകനെ കണ്ടെത്തുക എന്നത് സിഎസ്‌കെയെ സംബന്ധിച്ച് നിര്‍ണ്ണായക കാര്യമാണ്. ആരാവും ഈ വിടവ് നികത്തുകയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ മിനി താരലേലത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സിഎസ്‌കെയുടെ പദ്ധതി. ചില സൂപ്പര്‍ താരങ്ങളെ സിഎസ്‌കെ നോട്ടമിട്ടേക്കും.
Read Also: മിന്നു മണിയോടൊപ്പം സജനയും; വനിതാ പ്രീമിയർ ലീഗിൽ തിളങ്ങാൻ വീണ്ടുമൊരു വയനാട്ടുകാരി