ഗോൾഡൻ വിസ നേടാനായി ദുബൈയിൽ വസ്തുക്കൾ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർധനവ്. 10 വർഷത്തെ താമസത്തിനും ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം. സ്വിറ്റസർലന്റ് , ജർമനി , ഫ്രാൻസ് , യു.കെ. എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലാളുകൾ നിക്ഷേപം നടത്തുന്നത്. വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല, ഉയർന്ന സുരക്ഷ, നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം എന്നിവയാണ് യൂറോപ്യൻ പൗരന്മാരെ ദുബൈയിലേയ്ക്ക് ആകർഷിയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ഗോൾഡൻ വിസ നേടിയവർക്ക് തൊഴിൽ വീസയില്ലാതെ തന്നെ വീട്ടുജോലിക്കാരെയും കുടുംബാംഗങ്ങളെയും സ്‌പോൺസർ ചെയ്യാൻ സാധിയ്ക്കും എന്നതും ഗോൾഡൻ വീസയെ ആകർഷകമാക്കുന്ന ഘടകമാണ്. മധ്യവരുമാനക്കാരായ യൂറോപ്യന്മാർക്ക് കുറഞ്ഞ ചെലവിൽ വീട്ടുജോലിക്കാരെയും മറ്റും ലഭിയ്ക്കുമെന്നതും മഞ്ഞുവീഴ്ച്ച പോലുള്ള കാഠിന്യമേറിയ കാലാവസ്ഥയിൽ നിന്നും ഒഴിഞ്ഞു നിൽക്കാമെന്നതും ദുബൈയിൽ ജീവിക്കാൻ അവരെ പ്രേരിപ്പിയ്ക്കുന്നു. ജനറൽ ഡയക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ദുബൈയുടെ കണക്കനുസരിച്ച് 2023 ന്റെ പാതിയിൽ നൽകിയ ഗോൾഡൻ വിസകളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 53 ശതമാനം വർധനവുണ്ടായി.
പ്രോപ്പർട്ടി നിക്ഷേപകർക്ക് ഗോൾഡൻ വിസ നൽകാൻ തുടങ്ങിയതുമുതൽ ലോക ശത കോടീശ്വരന്മാർ അത് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇതോടെ ആഡംബര വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും ആവശ്യം വൻ തോതിലാണ് ഉയർന്നത്. നികുതിയടയ്ക്കാൻ താത്പര്യമില്ലാത്ത ഒട്ടേറെ യൂറോപ്യൻ മധ്യവരുമാനക്കാരും ഗോൾഡൻ വിസയ്ക്കായി ശ്രമം ആരംഭിച്ചിട്ടുണ്ട്.