കൊച്ചി: കാക്കനാട് കളക്ടറേറ്റിൽ ഇന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചേക്കും. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് കെഎസ്ഇബി ഇന്നലെ ഫ്യൂസ് ഊരിയത്.
ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ ഇന്നലെ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും വൈദ്യുതി എത്തിയില്ല. മൈനിംഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്”42 ലക്ഷം രൂപയുടെ കുടിശിക ആണ് മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.
കറണ്ട് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്. ഇതിൽ രണ്ട് ഓഫീസുകൾ മാത്രം ആണ് കുടിശിക അടച്ച് കറന്റ് പുനസ്ഥാപിച്ചത്. ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി.
ഇന്ന് കളക്ടറേറ്റ് പരിസരത്ത് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധ യോഗം ഉണ്ടാകും. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്തിൽ ആണ് കെ.എസ്.ഇ.ബി. ഇന്നലെ എറണാകുളം കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് ഊരിയത്.
ഇന്നലെ ഒരു ദിവസം മുഴുവൻ കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. വൈദ്യുതിയില്ലാത്തതിനാല്‍ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യമായിരുന്നു.