പിറവം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പിടിയും പോത്തിറച്ചിയും വിളമ്പിയ നഗരസഭാ കൗണ്‍സിലര്‍ക്ക് നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പിറവം നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറത്തിനാണ് നോട്ടീസ് നൽകിയത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയാഘോഷം സംബന്ധിച്ചാണ് കമ്മീഷന്റെ നടപടി.(Election Commission notice to Municipal Councillor)
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ആണ് പരാതി നൽകിയത്. ജൂലൈ 30 ന് മുൻപായി ഹാജരാകാന്‍ നോട്ടീസിൽ പറയുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ജില്‍സ് പെരിയപ്പുറം കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ജില്‍സ് പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ. തോമസ് ചാഴികാടനു പകരം യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണച്ചതായും പരാതിയിൽ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസമാണ് പിറവം ടൗണില്‍ പിടിയും പോത്തിറച്ചിയും വിതരണം ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെയും ഇടതു മുന്നണിയുടെയും നയമല്ലെന്നും പരാതിയില്‍ പറയുന്നു. കൂറുമാറിയ സ്ഥാനാർത്ഥിയെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിക്കണമെന്നുമാണ് ടോമി ജോസഫിന്റെ ആവശ്യം.
Read Also: കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്