പാലക്കാട്: അഞ്ചുമൂർത്തിമംഗലത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. തെക്കേത്തറ മാണിക്കപ്പാടം കല്യാണി (75) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റിനോട് ചേർന്നുള്ള സ്റ്റേ കമ്പിയിൽ പിടിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു .
നാട്ടുകാർ ചേർന്ന് വയോധികയെ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ
മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയതായി പരാതി. മലപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പിൽ പൂട്ടിക്കിടന്ന വീട്ടിലാണ് നാടിനെ നടുക്കിയ കവർച്ച നടന്നത്. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, ഡയമണ്ട് ആഭരണങ്ങളുമാണ് മോഷണം പോയത്.
വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന അഹമ്മദ് നസീർ (62) ന്റെ വീട്ടിലാണ് കവർച്ച നടന്നത്. മാർച്ച് 8-ന് വൈകുന്നേരം 5 മണിക്കും മാർച്ച് 9-ന് രാവിലെ 11 മണിക്കും ഇടയിലാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. പൂട്ടിക്കിടന്ന വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ട്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കൈക്കലാക്കിയിരിക്കുന്നത്.
വീട്ടുടമ അഹമ്മദ് നസീർ വിദേശത്തായതുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരൻ ബഷീറാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ് പൊലീസ്.