റബർ കൃഷി പൊതുവെ കേരളത്തിന്റെ നട്ടെല്ല് എന്നാണു പറയുക. ലക്ഷക്കണക്കിനാളുകളെ ഇപ്പോഴും പിടിച്ചു നിർത്തുന്ന ഒരു കൃഷി മേഖലയാണത്. മലയാളിയുടെ മനസ്സിനോട് ഇത്രയേറെ ചേർന്ന് കിടക്കുന്ന മറ്റൊരു കൃഷി കാണുക പ്രയാസമാണ്. നിരവധി കുടുംബങ്ങളെ ഇന്നും പിടിച്ചു നിർത്തുന്ന റബ്ബർ കൃഷി കേരളത്തിലെത്തിച്ചത് ആരെന്നറിയാമോ ?
ജോൺ ജോസഫ് മർഫി എന്ന അയർലണ്ടുകാരനായ ഒരു സായിപ്പാണ് ആ മഹത് വ്യക്തി.
ഇന്ത്യയിൽ ആദ്യമായി റബർ കൃഷി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി. കോട്ടയത്തെ ഏന്തയാർ എന്ന സ്ഥലത്തിന് പേരിട്ടതു തന്നെ മർഫി സായിപ്പാണ്. വർഷങ്ങൾക്കുമുമ്പ് മർഫി ഇവിടെത്തുമ്പോൾ നിബിഢവനമായിരുന്ന ഈ പ്രദേശത്തിന് ഒരു നിശ്ചിതമായ പോരോ പേരിനുപോലും ജനവാസമോ ഇല്ലായിരുന്നു. പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടമായി വാങ്ങിയ 2000 ഏക്കർ വനഭൂമിയിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് മർഫി ആരംഭം കുറിച്ചത്. ഏറെദൂരം സഞ്ചരിച്ച് ഏന്തയാർ പ്രദേശത്തെത്തിയ മർഫി ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ റബ്ബർ പ്ലാന്റേഷൻ ഇവിടെ സ്ഥാപിച്ചു. തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം കൊണ്ടുവന്നത്. ബ്രസീലിലെ റബ്ബർ തൈകൾ ശ്രീലങ്ക വഴിയാണ് അദ്ദേഹം 1904 ൽ മുണ്ടക്കയത്തെത്തിച്ചത്.
ഏന്തയാറ്റിൽ രണ്ടായിരം ഏക്കർ റബ്ബർ തോട്ടത്തിനുടമയായിരുന്നു മർഫി സായിപ്പ്. ഇവിടുത്തെ ലത്തീൻ പള്ളി സ്ഥാപിച്ച അദ്ദേഹത്തിന്റെ ബംഗ്ലാവുതന്നെ വീടായി രൂപാന്തരപ്പെടുത്തി. കുരുമുളകും വിജയകരമായി മർഫി കൃഷി ചെയ്യുകയുണ്ടായി. എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്.
കേരളത്തിന്റെ സമ്പത്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ റബ്ബർ കേരളത്തിന് സമ്മാനിച്ച മർഫി സായിപ്പിന്റെ ശവകുടീരം പക്ഷെ ഇന്ന് ജീർണ്ണതയുടെ വക്കിലാണ്. താൻ ഏറെ സ്‌നേഹിച്ച ഏന്തയാറിന്റെ ഉച്ചിയിലാണ് ശവകുടീരം. അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നതാണ് ഏറ്റവുംസ്നേഹിച്ച നാട് മുഴുവനായി കാണുന്ന സ്ഥലത്തുവേണം തന്റെ അന്ത്യ വിശ്രമം എന്നത്. അതിനായി അദ്ദേഹം സ്ഥലവും കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥാലം മതിൽ കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ശവകുടീരം പൂർണ്ണ ജീർണ്ണാവസ്ഥയിലാണ്.