ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധനയുടെ ഗുണം ലഭിക്കും.
പുതിയ തീരുമാനത്തോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം എന്നത് 53 ശതമാനമായി മാറും. ഒക്ടോബറിൽ ഔദ്യോഗിക പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരുടെ ക്ഷാമബത്തയിൽ പ്രതിമാസം ഏകദേശം 540 രൂപയുടെ വർധന ഉണ്ടാവും.
പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യം ഉണ്ടാവും. 2024 മാർച്ചിലാണ് ഇതിന് മുൻപ് ക്ഷാമബത്ത വർധിപ്പിച്ചത്. അന്ന് നാലുശതമാനം വർധന വരുത്തിയിരുന്നു. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന്റെ 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് സർക്കാർ ഡി.എ വർദ്ധന നിർണ്ണയിക്കുന്നത്.
ദൈനംദിന ചെലവുകളെ ബാധിക്കുന്ന, പണപ്പെരുപ്പം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് ഈ വർദ്ധനവ് വളരെ പ്രധാനമാണ്. അതിനിടെ, എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചർച്ചകളും പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.
English Summary
Diwali gift for central government employees and pensioners