ആലുവ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശിയായ ജോൺസൻ ആണ് വെട്ടേറ്റത്. ആക്രമണം നടത്തിയ സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി ദേവസിക്കുട്ടി കാലടി പോലീസിൻ്റെ കസ്റ്റഡിയിലായി. ഇരുവരും ബന്ധുക്കളാണെന്ന് പോലീസ് അറിയിച്ചു.രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് കാര്യങ്ങൾ അക്രമത്തിലേക്ക് നീങ്ങിയത്. ജോൺസന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. സംഭവത്തിൽ കാലടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.