ചെന്നൈ: വിവാഹേതരബന്ധത്തെച്ചൊല്ലിയുള്ള തർക്കം വഴളായതിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്‌നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗർ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭർത്താവ് അൻപരശ(42)നെ
ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തിയത്.
പത്ത് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. തിരുഭുവനത്തെ ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അൻപരശന്. അവിടെ ജോലി ചെയ്യുന്ന സ്ത്രീയുമായി അൻപരശൻ അടുപ്പത്തിലായി. സംഭവം അറിഞ്ഞതോടെ യുവതി തന്റെ ഭർത്താവിനെ ചോദ്യം ചെയ്യുകയും, തുടർന്ന് ഇരുവരും തമ്മിൽ തർക്കവും നടന്നിരുന്നു.
കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീക്കൊപ്പം ഇയാളെ കലൈവാണി വീണ്ടും കണ്ടു. ഇത് ഞായറാഴ്ച ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകാൻ കാരണമായി. വാക്കേറ്റത്തിന് ശേഷം അൻപരശൻ ഉറങ്ങിയപ്പോഴാണ് കലൈവാണി ആട്ടുകല്ല് തലയിൽ ഇട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ കലൈവാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്.