ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവച്ചു
മലപ്പുറം: ചികിത്സ പൂർത്തിയാക്കി ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവെക്കാൻ പാടില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ സുപ്രധാന വിധി പുറപ്പെടുവിച്ചു.
ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഷുറൻസ് കമ്പനിയെയും, രോഗിയെ തടഞ്ഞുവെച്ച സ്വകാര്യ ആശുപത്രിയെയും കുറ്റക്കാരായി കണ്ടെത്തിയ കമ്മിഷൻ, ഇരുവരും ചേർന്ന് 30,000 രൂപ രോഗിക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു.
ചുങ്കത്തറ സ്വദേശിയായ പരാതിക്കാരൻ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരനും കുടുംബാംഗങ്ങളും 2015 മുതൽ ഇൻഷുറൻസ് പോളിസി കൈവശം വെച്ചിരുന്നതാണ്.
2024 സെപ്റ്റംബർ 18-ന് പരാതിക്കാരന്റെ മകനു ഗുരുതരമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിസ്ചാർജ് ചെയ്ത രോഗിയെ ആശുപത്രി ബിൽ അടയ്ക്കുന്നതുവരെ തടഞ്ഞുവച്ചു
അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തിയ ശേഷം സെപ്റ്റംബർ 19-ന് രോഗിയെ ഡിസ്ചാർജ് ചെയ്തു.
ചികിത്സയ്ക്കായി ഇൻഷുറൻസ് കമ്പനി അഡ്വാൻസായി 11,000 രൂപ അനുവദിച്ചിരുന്നു.
എന്നാൽ ആശുപത്രി സമർപ്പിച്ച 66,500 രൂപയുടെ ഡിസ്ചാർജ് ബില്ലിൽ നിന്ന് 41,800 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി അനുവദിച്ചത്.
ഇതിൽ കൂടുതൽ തുക നൽകാൻ സാധിക്കില്ലെന്ന് കമ്പനി അറിയിച്ചതോടെ രോഗിയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.
ബാക്കി തുക അടയ്ക്കാതെ ആശുപത്രി വിട്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ ഉറച്ചുനിന്നത്. തുടർന്ന് ബന്ധുക്കളിൽ നിന്നും കടം വാങ്ങിയാണ് മുഴുവൻ ബിലും അടച്ചത്.
ഇതിന് ശേഷമാണ് വൈകുന്നേരത്തോടെ രോഗിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് ഇൻഷുറൻസ് കമ്പനി അധികമായി 23,905 രൂപ കൂടി അനുവദിച്ചെങ്കിലും, രോഗിക്ക് നേരിട്ട മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ അതിലൂടെ പരിഹരിക്കപ്പെട്ടില്ല.
പരാതി പരിഗണിച്ച ജില്ലാ ഉപഭോക്തൃ കമ്മിഷൻ, ഇൻഷുറൻസ് കമ്പനിയുടെയും ആശുപത്രിയുടെയും ഭാഗത്ത് ഗുരുതരമായ സേവനവീഴ്ചയുണ്ടായതായി കണ്ടെത്തി.
ഇൻഷുറൻസ് തുക യുക്തിസഹമായി അനുവദിക്കാതിരുന്നതും, നിയമവിരുദ്ധമായി രോഗിയെ തടഞ്ഞുവെച്ചതുമാണ് വിധിയിൽ ചൂണ്ടിക്കാട്ടിയത്.
കമ്മിഷൻ പ്രസിഡന്റായ കെ. മോഹൻദാസിന്റെയും, അംഗങ്ങളായ പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരുടെയും നേതൃത്വത്തിലാണ് വിധി പുറപ്പെടുവിച്ചത്.
45 ദിവസത്തിനകം നഷ്ടപരിഹാരം നൽകാത്തപക്ഷം വിധി സംഖ്യയ്ക്ക് ഒൻപത് ശതമാനം പലിശ നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.









