കൊച്ചി: അഞ്ചുമാസമായി മുടങ്ങിക്കിടന്ന വികലാംഗ പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ (എന്‍.എച്ച്.ആര്‍.സി.) സ്വമേധയാ കേസെടുത്തു. സംസ്‌ഥാന ചീഫ് സെക്രട്ടറിയോടും ധനകാര്യ സെക്രട്ടറിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 24 നു കോഴിക്കോട് ചക്കിട്ടപാറയിലെ പാപ്പച്ചന്‍ എന്ന ജോസഫാണു മരിച്ചത്. അയല്‍വാസികളാണു ജോസഫിനെ വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോസഫിന്റെ മൂന്നു പെണ്‍മക്കളില്‍ ഒരാളായ ജിന്‍സി വികലാംഗയും കിടപ്പിലുമാണ്. മകളുടെ ദുരവസ്‌ഥ കണ്ടാണു എന്‍.എച്ച്.ആര്‍.സി. സ്വമേധയാ കേസെടുത്തത്. അതേസമയം, എല്ലാ അംഗപരിമിതര്‍ക്കും സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കൃത്യമായി കൊടുക്കുന്നുണ്ടെന്നു ധനകാര്യവകുപ്പു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് വിനിയോഗിച്ചും സംസ്‌ഥാന സര്‍ക്കാര്‍ നേരിട്ടുമാണു പെന്‍ഷന്‍ തുക നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍, നേരത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജോസഫും കുടുംബവും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്നുവെന്നും പെന്‍ഷന്‍ മുടങ്ങിയത് ആശങ്കയ്‌ക്ക് ആക്കം കൂട്ടിയെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയത്.
വികലാംഗ പെന്‍ഷന്‍ ഇനിയും മുടങ്ങിയ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുമെന്നു ചക്കിട്ടപാറ പഞ്ചായത്ത് അധികൃതര്‍ക്ക് ജോസഫ് പരാതിയും നല്‍കിയിരുന്നു.
തനിക്കും മകള്‍ ജിന്‍സിക്കും പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 2023 നവംബറിലാണു പരാതി നല്‍കിയത്. ജോസഫിന്റെ ഭാര്യ ഒരു വര്‍ഷം മുമ്പു മരിച്ചു. 15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പുമന്ത്രിയ്‌ക്കും ജില്ലാ കലക്‌ടര്‍ക്കും പെരുവണ്ണാമൂഴി പോലീസിനും നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും എന്‍.എച്ച്.ആര്‍.സി. നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, എല്ലാ കുറ്റങ്ങളും പഞ്ചായത്തിന്റെ മേല്‍ ചാര്‍ത്തുന്നത് അടിസ്‌ഥാനരഹിതമാണെന്നും ജോസഫിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടി.
കേന്ദ്രസര്‍ക്കാര്‍ വികലാംഗ പെന്‍ഷന്‍ സംസ്‌ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ യഥാസമയം വിതരണം ചെയ്‌ത പെന്‍ഷന്‍ കേരളത്തില്‍ ഇനിയും ലഭിക്കാനുണ്ടെന്നുമാണു പ്രതിപക്ഷം ആരോപിച്ചത്
Disability pension was suspended for five months; After the High Court, the National Human Rights Commission voluntarily took the case