കൊച്ചി: കഞ്ചാവ് കേസിൽ ഛായാഗ്രഹകനും സംവിധായകനുമായ സമീർ താഹിർ അറസ്റ്റിൽ. ഫ്‌ളാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിലാണ് നടപടി. സമീറിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
സംവിധായകര്‍ പിടിയിലായ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിനെ വിളിപ്പിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകനൊപ്പമാണ് സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിനായി എക്‌സൈസ് ഓഫീസിൽ ഹാജരായത്. സമീറിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നായിരുന്നു സംവിധായകര്‍ കഞ്ചാവ് സഹിതം പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.