രാജരാജേശ്വരി ക്ഷേത്രത്തില്‍ പൊന്നുംകുടം വഴിപാടായി സമര്‍പ്പിച്ച് ദിലീപ്
കണ്ണൂര്‍ ∙ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദര്‍ശനം നടത്തി.
ഇന്ന് രാവിലെയായിരുന്നു ദിലീപ് ക്ഷേത്രത്തിലെത്തിയത്. പൊന്നുംകുടം വഴിപാടായി സമര്‍പ്പിച്ചാണ് നടന്‍ ദര്‍ശനം നിര്‍വഹിച്ചത്.
ദിലീപ് സ്ഥിരമായി ദര്‍ശനത്തിനെത്താറുള്ള ക്ഷേത്രങ്ങളിലൊന്നാണ് രാജരാജേശ്വര ക്ഷേത്രം. ദിലീപ് നായകനായ ‘പ്രിന്‍സ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പാണ് അവസാനമായി അദ്ദേഹം ഇവിടെ എത്തിയത്.
വിശേഷ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാടായിക്കുന്ന് തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്കും ദിലീപ് ദര്‍ശനം നടത്തുന്നത് പതിവാണ്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ദിലീപ് എട്ടാം പ്രതിയായിരുന്നു. എന്നാല്‍ ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസ് ആണ് കേസില്‍ വിധി പ്രസ്താവിച്ചത്.
ഒന്നാം മുതല്‍ ആറാം പ്രതികള്‍ക്ക് 20 വര്‍ഷം തടവ് വിധിച്ച കോടതി, മറ്റ് പ്രതികളെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.
രാജരാജേശ്വര ക്ഷേത്രത്തില്‍ മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി പ്രമുഖ നേതാക്കള്‍ പൊന്നുംകുടം സമര്‍പ്പിച്ച് ദര്‍ശനം നടത്തിയിട്ടുണ്ട്.
കേരളത്തിലും കര്‍ണാടകയിലുമുള്ള രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സ്ഥിരമായി എത്തുന്ന ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം.
English Summary
Actor Dileep visited the Rajarajeshwara Temple in Taliparamba after being acquitted in the actress assault conspiracy case. He offered a golden pot as part of his prayers. A regular visitor to the temple, Dileep’s visit comes shortly after the Ernakulam Principal Sessions Court ruled that the conspiracy charge against him could not be sustained.
dileep-visits-rajarajeshwara-temple-after-acquittal
Dileep, Actress Assault Case, Rajarajeshwara Temple, Kannur News, Kerala Cinema, Court Verdict









