അമ്പലത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കി
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കി.
ഉദ്ഘാടനത്തിന് ദിലീപിനെ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ക്ഷേത്ര ഭരണസമിതി തീരുമാനം കൈക്കൊണ്ടത്.
ജനുവരി 23-നാണ് എറണാകുളം ശിവക്ഷേത്രത്തിലെ വാർഷിക ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ആദ്യ കൂപ്പൺ ഏറ്റുവാങ്ങാൻ നടൻ ദിലീപിനെയായിരുന്നു ക്ഷണിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസുകളും പോസ്റ്ററുകളും നേരത്തെ തന്നെ അച്ചടിച്ച് പുറത്തിറക്കിയിരുന്നു.
എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിനെതിരെ ക്ഷേത്ര സമിതിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നു. വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തി രേഖപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. തീരുമാനമനുസരിച്ച്,
ചടങ്ങ് ചൊവ്വാഴ്ച തന്നെ നടക്കും. ഉദ്ഘാടന ചടങ്ങിൽ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ആദ്യ കൂപ്പൺ ഏറ്റുവാങ്ങുക.









