ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടി; ദിയ കൃഷ്‌ണയുടെ മുൻജീവനക്കാർ കീഴടങ്ങി
തിരുവനന്തപുരം: ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിന്റെ ഉടമയും നടൻ കൃഷ്‌ണകുമാറിന്റെ മകളുമായ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് കീഴടങ്ങൽ. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
മൂന്ന് ജീവനക്കാരികൾക്ക് എതിരെയായിരുന്നു ദിയ പരാതി നൽകിയത്. ഇവരിൽ രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയത്. ദിയയുടെ വിവാഹം കഴിഞ്ഞതോടെ കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മുൻ ജീവനക്കാരുടെ ബാങ്ക് രേഖകൾ.
ദിയക്കെതിരായ പരാതിയിൽ കഴമ്പില്ല; ജീവനക്കാരോട് ഹാജരാകണമെന്ന് പൊലീസ്
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ദിയ കൃഷ്ണയുടെ പരാതിയിൽ ജീവനക്കാരികൾ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം. ഇന്നോ നാളെയോ ഹാജരാകാമെന്ന് ആണ് യുവതികളുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടികാണിച്ചാണ് ദിയ പരാതി നൽകിയത്. മൊഴിയെടുക്കാനായി ഇന്നലെ രണ്ട് തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു.
കൂടാതെ ദിയയുടെ സ്ഥാപനത്തിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ടാക്സ് വെട്ടിക്കാനായി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കണമെന്നും, എടിഎമ്മിൽ നിന്നെടുത്ത് പണം തരണമെന്നും ദിയയാണ് തങ്ങളോട് പറഞ്ഞതെന്നാണ് ജീവനക്കാരികളുടെ വാദം. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം കവർന്നെന്ന് കാണിച്ച് ജീവനക്കാർ ദിയയ്‌ക്കും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്.ദിയ കൃഷ്ണയുടെ ഫ്ളാറ്റിൽ നിന്ന് യുവതികൾ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു
തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കൃഷ്ണകുമാറിന്റെ പരാതിയിൽ എടുത്ത കേസും ജീവനക്കാരുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ നടപടി. കേസ് മ്യൂസിയം പോലീസ് അന്വേഷിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.
കേസുകൾ സെൻസേഷണലാണ്. മ്യൂസിയം സ്റ്റേഷൻ ക്രമസമാധാന ചുമതലയിൽ സജീവമായി നിൽക്കുന്ന സ്റ്റേഷനാണ്. ഈ തിരക്കുകൾക്കിടയിൽ കേസുകൾ കാര്യമായി അന്വേഷിക്കാൻ കഴിയുന്നില്ലെന്നുമാണ് സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ട്.കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്ണകുമാറിന് പിന്നാലെ ജീവനക്കാരികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നുവെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൂടി കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നിലുണ്ടെന്നാണ് സൂചന.യുവതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു മ്യൂസിയം പോലീസ് അന്വേഷണം നടത്തിയിന്നത്. ഇത് പൂർത്തിയാവാൻ രണ്ടു ദിവസംകൂടെ വേണ്ടിവരുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
English Summary:
Two former employees of Dia Krishna’s company ‘Oh By Osy’ surrendered in the ₹69 lakh QR code fraud case. The Kerala High Court had recently rejected their anticipatory bail.