തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത്ത് കുമാറിന് ADGP MR Ajith Kumar പൊലീസ് മെഡല്‍. നാളെയാണ് മുഖ്യമന്ത്രി മെഡല്‍ നൽകുന്നത്. എന്നാല്‍ തല്‍ക്കാലത്തേയ്ക്ക് ഈ മെഡല്‍ എഡിജിപിക്ക് നല്‍കേണ്ടായെന്നാണ് ഡിജിപി പറയുന്നത്.
ഇത് സംബന്ധിച്ച് ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എംആർ അജിത് കുമാറിന് തൽക്കാലം മെഡൽ നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായിട്ടാണ് വിവരം.
ഇനിയൊരു അറിയിപ്പ് നൽകിയതിന് ശേഷമേ മെഡൽ നൽകാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേരാണ് ഇത്തവണ പോലീസ് മെഡലിന് അർഹരായിരിക്കുന്നവർ. അജിത് കുമാറിനെ കൂടാതെ സൈബർ ഡിവിഷൻ എസ്പി ഹരിശങ്കറാണ് മെഡലിന് അര്‍ഹനായ ഐപിഎസ് ഉദ്യോഗസ്ഥൻ.
സിവിൽ പോലിസ് ഉദ്യോഗസ്ഥർ (സിപിഒ) മുതൽ എഡിജിപിവരെയുള്ളവരെയാണ് പോലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെയാണ് മെഡലിന് പരിഗണിച്ചിട്ടുള്ളത്. നാളെയാണ് മെഡലുകള്‍ വിതരണം ചെയ്യുന്നത്.