തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് ഡിജിപിയുടെ നടപടി.
വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാർ നൽകിയ മൊഴി. എന്നാൽ ഇത് പി വിജയന്‍ തള്ളിയിരുന്നു.
ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
എന്നാൽ, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.
കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയിൽ പറയുന്നത്.
എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ ഡിജിപിക്ക് കത്തുനല്‍കുകയായിരുന്നു.
അദ്ദേഹം പിന്നീട് ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഈ മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.
തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് എം.ആർ അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ഉണ്ടായിരുന്നു.
മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ ‘നന്മ’ എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാർ നൽകിയ മൊഴിയിലുണ്ട്.
തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് പി വിജയന്‍ പരാതിനല്‍കിയത്.
അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.
തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി തുടങ്ങിയ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.