തിരുവനന്തപുരം : ദേവസ്വം പ്രസിഡൻ്റ് കെ.അനന്തഗോപൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. രണ്ട് വർഷമാണ് ദേവസ്വം പ്രസിഡന്റിന്റെ കാലാവധി. 2021 നവംബർ 13ന് സ്ഥാനമേറ്റ അനന്തഗോപൻ സ്ഥാനമൊഴിയാൻ ഇനി നാളുകൾ മാത്രം. പകരം ആരെ നിയമിക്കുമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചർച്ചയാരംഭിച്ചിട്ട് മാസങ്ങളായി. ബുധനാഴ്ച്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും സ്ഥാനത്തെക്കുറിച്ച് ചർച്ച ഉയർന്നു. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പാർട്ടിയുടെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേര് അവതരിപ്പിച്ചു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നെടുമങ്ങാട് നിന്ന് മത്സരിച്ച് തോറ്റയാളാണ് പ്രശാന്ത്. തോൽവിയ്ക്ക് കാരണം ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയാണെന്ന് ആരോപിച്ച് വാർത്തയിൽ നിറഞ്ഞ പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തുടർന്ന് സിപിഐഎംൽ ചേർന്ന പ്രശാന്ത് കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച് വരുകയാണ്. ഇതിന് പിന്നാലെയാണ് സുപ്രധാനമായ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിയമിക്കാൻ നീക്കം നടത്തുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രശാന്തിനെതിരെ മറ്റാരുടേയും പേര് സജീവമായി ഉയർന്ന് വന്നില്ല. പക്ഷെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ എം.രാജഗോപാലൻ നായർ, മുൻ എംപി എ സമ്പത്ത് എന്നീ പേരുകൾ പാർട്ടി പരിഗണിക്കുന്നു. പരാതികളില്ലാതെ പരിഹരിക്കാനാണ് നീക്കം. മുൻ ആറ്റിങ്ങൾ എം.പി എ. സമ്പത്ത്, പിണറായി വിജയന്റെ വിശ്വസ്തരിലൊരാളാണ്.
എം.പി സ്ഥാനമൊഴിഞ്ഞ സമ്പത്തിനെ ദില്ലിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. പിന്നീട് കെ.വി.തോമസ് വന്നതിനാൽ സമ്പത്തിനെ സ്ഥാനത്ത് നിന്ന് മാറ്റി. പാർട്ടിയുടെ എല്ലാ സൗകര്യവും സമ്പത്തിന് നൽകിയിട്ടുണ്ടെന്നാണ് അദേഹത്തെ എതിർക്കുന്നവരുടെ വാദം. എന്നാൽ അടുത്തിടെ മാത്രം പാർട്ടിയിൽ എത്തിയ ഒരാൾക്ക് ഇത്ര പ്രധാന പദവി നൽകുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നാണ് പ്രശാന്തിനെതിരായ ചിന്ത. നിലവിലെ സാഹചര്യത്തിൽ പ്രശാന്തിനാണ് മുൻ തൂക്കം. ദില്ലിയിൽ നടക്കുന്ന പോളിറ്റ്ബ്യൂറോ , കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്ക് ശേഷം നേതാക്കൾ കേരളത്തിലെത്തിയാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
Read Also : 26.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ