തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന് കുട്ടികളോട് പറഞ്ഞ യൂട്യൂബർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകി. പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയത്. യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
സംഭവത്തിൽ പരാതി നൽകിയതിന്‍റെ തുടർച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയെ നേരിൽ കാണും. പമാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുതെന്നായിരുന്നു ആഹ്വാനം. ഇനി വീട്ടിലിരുന്നു പഠിക്കാം എന്ന തലക്കെട്ടോടുകൂടി 12 ദിവസം മുൻപാണ് വീഡിയോ പോസ്റ്റ്ചെയ്തത്. കുട്ടികളെ വഴിതെറ്റിക്കുന്ന വീഡിയോയെക്കുറിച്ച് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സ്കൂളിൽ പോയാൽ പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നാണ് വിദ്യാർത്ഥികളോട് ചാനലിലൂടെ പറയുന്നത്. സ്കൂളിൽ പോകാതിരുന്നാൽ ഹാജർ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നും അവതാരകൻ പറയുന്നു. അതേസമയം പരീക്ഷയെഴുതാൻ മതിയായ അറ്റൻഡൻസ് നിർബന്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.