തൃശൂർ: ഗുരുവായ രഞ്ജിത്തിനൊപ്പം മൂന്നാംകാലത്തിൽ താളമിട്ടപ്പോൾ അമ്മയും മേള കലാകാരിയുമായ മിഥിലയും മുത്തച്ഛനും പ്രശസ്ത മേള കലാകാരനുമായ മച്ചാട് ഉണ്ണിയും കൂട്ടരും വലന്തലയിൽ പുറകിൽ നിന്നു. ചെണ്ട വാദ്യ കലയുടെ പാരമ്പര്യ തറവാട്ടിൽനിന്നും മേള പെരുക്കത്തിന്റെ വാദ്യലോകത്തേക്ക് കൊട്ടിക്കയറി നാല് വയസുകാരി അനാമിക രഞ്ജിത്ത്.Debut at the Panchari Mela for an hour
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റത്തിലാണ് ആസ്വാദകരെ ആവേശത്തിലാക്കി നാലു വയസുകാരി ഒരു മണിക്കൂറോളം നാദ വിസ്മയം തീർത്തത്. പ്രശസ്ത മേള കലാകാരനും ആയിരത്തിലധികം ശിഷ്യസമ്പത്തുമുള്ള മച്ചാട് രഞ്ജിത്തിന്റെ മകളാണ് അനാമിക. പഠനം പൂർത്തീകരിച്ച ഏറ്റവും പുതിയ നിരയിൽ പതിനൊന്നു പേരാണ് കഴിഞ്ഞ ദിവസം തിരുവാണിക്കാവ് ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചത്.
ചടങ്ങിൽ മുൻ വനിതാ കമ്മിഷൻ അംഗവും നെന്മാറ എൻ.എസ്.എസ്. കോളജ് പ്രിൻസിപ്പലുമായ പ്രഫ. കെ.എ. തുളസി മച്ചാട് രഞ്ജിത്തിനേയും മച്ചാട് ഉണ്ണിയേയും ആദരിച്ചു. ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ പാലിശേരി രഘു, എ.സി. കണ്ണൻ, സുരേഷ് നമ്പൂതിരി, ക്ഷേത്രം ഇളയത് അരീക്കര ഇല്ലത്ത് കൃഷ്ണകുമാർ എന്നിവരും സന്നിഹിതരായിരുന്നു.