ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ആള്‍ ദൈവം ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.Death toll in Hathras disaster reaches 116
മരിച്ച 116 പേരില്‍ 89 പേര്‍ ഹഥ്റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം.
പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.
ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചവരില്‍ ഏറെയും.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയില്‍ അനുവദിച്ചതിലും അധികം പേര്‍ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹഥ്റസിലെ സിക്കന്ദര്‍ റൗവിലെ പാടത്താണ് പരിപാടി നടന്നത്.
താത്കാലിക പന്തല്‍ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകര്‍ വിശ്വഹരിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രാര്‍ത്ഥന പരിപാടി നടന്നത്.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവര്‍ ആറിലധികം ആശുപത്രികളില്‍ ചികിത്സയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി വ്യക്തമായി.
ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവില്‍ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.