യുകെയിൽ മലയാളി നേഴ്സ് യുവാവ് പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ സംഭവത്തിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മണീട് കുന്നത്തു കളപ്പുരയിൽ ജോണിന്റെയും മോളിയുടെയും മകൻ എൽദോസ് (34)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മെയ് 27-ാം തീയതി നാട്ടിലേയ്ക്ക് ഫോൺ വിളിച്ച് അധികൃതർ എൽദോസിന്റെ മരണവാർത്ത അറിയിക്കുകയായിരുന്നു.
ഇംഗ്ലണ്ടിലെ ബെയിങ് സ്‌റ്റോക്കിലാണു സംഭവം. കുടുംബവഴക്കിനെ തുടർന്നുള്ള കലഹം ആണ് ദുരന്തത്തിലേയ്ക്ക് ഒരു ചെറുപ്പക്കാരനെ കൊണ്ടെത്തിച്ചത്. ഗാർഹിക പീഡനം ആരോപിച്ച് എൽദോസിനെതിരെ നേഴ്സായ ഭാര്യ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഭാര്യയുടെ ഈ പരാതിയിൽ ആണ് പോലീസ് എൽദോസിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനി ശേഷം എൽദോസിന്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യയും മകനും സ്‌റ്റേഷനിലെത്തി ഇദ്ദേഹത്തെ കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്കു കൈമാറുകയും ചെയ്തു.
ഇതിനുശേഷം എൽദോസിന്റെ മരണവാർത്തയാണ് പുറത്തു വരുന്നത്. എൽദോസിന്റെ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരണം. ജൂൺ 5 – ന് ഓക്സ്ഫോർഡിൽ വച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നാണ് നിലവിൽ അറിയാൻ സാധിച്ചത്. ഇതിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന എൽദോസിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന വിശ്വാസത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. മണീട് ഗവൺമെൻറ് എൽപി സ്കൂളിന് സമീപമാണ് എൽദോസിൻ്റെ കുടുംബവീട്. മരണം നടന്നതിനുശേഷം യുകെയിലുള്ള ബന്ധുക്കളെ തേടി പോലീസ് എത്തി എന്ന വിവരം പുറത്തു വരുന്നുണ്ട്. നാട്ടിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു എൽദോസ് യുകെയിൽ എത്തിയത്.