മുംബൈ: ദാദർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജയ് പ്രവീൺ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരാണ് അറസ്റ്റിലായത്. സാന്താക്രൂസ് നിവാസിയായ അർഷാദ് അലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്.(Dead body inside suit case at railway station; Two people were arrested)
കൃത്യത്തിന് ശേഷം ട്രെയിൻ വഴി സ്യൂട്ട്കേസിൽ മൃതദേഹം കൊണ്ടുപോകുകയായിരുന്ന രണ്ട് പ്രതികളെ മുംബൈ പൊലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെൻ്റ് റെയിൽവെ പൊലീസും ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പൈഡുണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി.
സ്ത്രീ സുഹൃത്തിനെ ചൊല്ലി പ്രതി ജയ് പ്രവീൺ ചാവ്ദ കൊല്ലപ്പെട്ടയാളുമായി വഴക്കിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി ജയ് പ്രവീൺ ചാവ്ദ അർഷാദ് അലി ഷെയ്ഖാനെ വീട്ടിലേക്ക് പാർട്ടിക്കായി ക്ഷണിച്ചു. ഇതിനിടെ വീണ്ടും തർക്കം ഉണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. മൃതദേഹം പൂർണമായും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സ്യൂട്ട്‌കേസിലാക്കിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം ഞായറാഴ്ച രാത്രി തുട്ടാരി എക്‌സ്പ്രസ് ട്രെയിനിൽ മൃതദേഹം കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. പ്രതികളിൽ ഒരാളെ റെയിൽവെ സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. മറ്റൊരാൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഉല്ലാസ് നഗറിൽ വെച്ച് പിടികൂടി. രണ്ടുപേരും ഭിന്നശേഷിക്കാരും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവരുമാണ്. ചോദ്യം ചെയ്യലിൽ സഹായിക്കാൻ പൊലീസ് ആംഗ്യഭാഷാ വിദഗ്ധനെ നിയോഗിച്ചതോടെയാണ് കൊലപാതകത്തിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.